25 April Thursday

രാജ്‌ഭവനുകളെ വിറപ്പിച്ച്‌ കർഷകർ ; പ്രക്ഷോഭത്തില്‍ 
പങ്കെടുത്തത് അമ്പതുലക്ഷത്തോളം പേര്‍

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022

മഹാരാഷ്ട്ര നാസിക്കിലെ സുർഗാനയിൽ കർഷകരുടെ പ്രതിഷേധം


ന്യൂഡൽഹി
ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ വിറപ്പിച്ച്‌ കർഷകരുടെ പ്രതിഷേധസാഗരം. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനിലേക്ക്‌ നടത്തിയ മാർച്ചിൽ കർഷകലക്ഷങ്ങൾ ഒഴുകിയെത്തി. രാഷ്‌ട്രപതിക്ക്‌ നേതാക്കൾ നിവേദനംനൽകി. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പ്രാബല്യം, വായ്പ എഴുതിത്തള്ളൽ, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ,  ലഖിംപൂർഖേരി കൂട്ടക്കൊലയിൽ കുറ്റാരോപിതനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, വിള ഇൻഷുറൻസ് പദ്ധതി, എല്ലാ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിമാസം 5000 രൂപ പെൻഷൻ, കർഷകസമരത്തിൽ എടുത്ത കേസ്‌ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

രാജ്‌ഭവനുകള്‍ക്ക് പുറമെ 400 ജില്ലാ ആസ്ഥാനത്തും താലൂക്ക്‌ ഓഫീസിനു മുന്നിലും  പ്രതിഷേധം നടന്നു. 3000 കേന്ദ്രത്തിലായി അമ്പതുലക്ഷം പേർ പങ്കെടുത്തെന്ന്‌  നേതാക്കൾ പറഞ്ഞു. കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഹരിയാന, ബിഹാർ, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ അഭൂതപൂർവമായ പങ്കാളിത്തം ഉണ്ടായി. കേരളം, ഉത്തർപ്രദേശ്‌, ഗോവ, തമിഴ്‌നാട്‌, കർണാടകം തുടങ്ങി എല്ലാ സംസ്ഥാനത്തും പ്രതിഷേധം ആളി.

അഖിലേന്ത്യ കിസാൻസഭ നേതാക്കളായ അശോക്‌ ധാവ്‌ളെ ചണ്ഡീഗഡിലും ഹന്നൻമൊള്ള ലഖ്‌നൗവിലും പി കൃഷ്‌ണപ്രസാദ്‌ ഹരിയാനയിലെ പഞ്ച്‌ഗുളയിലും അമ്രറാം ജയ്‌പുരിലും ബാദൽസരോജ്‌ ഭോപ്പാലിലും അമൽ ഹൽദർ - കൊൽക്കത്തയിലും എം വിജയകുമാർ തിരുവനന്തപുരത്തും ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനാണ്‌ കണ്ണൂരിലെ പ്രതിഷേധം  ഉദ്‌ഘാടനം ചെയ്‌തത്‌. കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്ക്‌ പുറമെ വനിതകളും വിദ്യാർഥികളും ട്രേഡ്‌ യൂണിൻ പ്രവർത്തകരും അണിചേർന്നു. ഡിസംബർ ഒന്നുമുതൽ പതിനൊന്നുവരെ എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച്‌ നടത്തി നിവേദനം നൽകും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും കർഷകരുടെ പ്രശ്‌നം ഉന്നയിക്കണമെന്ന്‌ ആവശ്യപ്പെട്ടാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top