28 March Thursday
‘ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്‌’ പ്രഭാഷണം 
 സംഘടിപ്പിക്കാൻ നിർദേശം

' വേദകാലം മുതൽ ജനാധിപത്യം , ഖാപ് പഞ്ചായത്ത് ജനാധിപത്യ മാതൃക' ; പഠിപ്പിക്കാൻ യുജിസി നിർദേശം

സാജൻ എവുജിൻUpdated: Friday Nov 18, 2022


ന്യൂഡൽഹി
ഇന്ത്യയാണ്‌ ജനാധിപത്യത്തിന്റെ മാതാവെന്നും വേദകാലംമുതൽ രാജ്യത്ത്‌ ജനാധിപത്യസമ്പ്രദായമുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ യുജിസി. ഇന്ത്യയിൽ ജനാധിപത്യത്തിന്‌ 5000 വർഷത്തോളം പഴക്കമുണ്ടെന്നും ഖാപ് പഞ്ചായത്ത‍് ജനാധിപത്യത്തിന്റെ മാതൃകയാണെന്നും യുജിസി അവകാശപ്പെട്ടു. ഭരണഘടനാദിനമായ നവംബർ 26ന്‌ ‘ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ സർവകലാശാലകളിലും കോളേജുകളിലും പ്രഭാഷണം സംഘടിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി കത്തയച്ചു.  ഐസിഎച്ച്‌ആർ (ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്‌റ്റോറിക്കൽ റിസർച്ച്‌) ‘ഭാരത്‌: ലോക്‌തന്ത്ര് കി ജനനി’ എന്ന പേരിൽ പുസ്‌തകവും പ്രസിദ്ധീകരിക്കും.സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം ഉയർത്തിയിരുന്നു.

ഭഗവത്‌ ഗീതയിലുള്ള തത്വജ്ഞാനിയായ രാജാവ്‌, ഹാരപ്പ: ലോക ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ, ഖാപ്പ്‌ പഞ്ചായത്തുകളും അവയുടെ ജനാധിപത്യ പാരമ്പര്യവും, ഇന്ത്യയുടെ സ്വയംഭരണം എന്നിങ്ങനെ 15 വിഷയത്തിൽ 30 വരെ പ്രഭാഷണങ്ങൾ നടത്തണമെന്ന് നിര്‍ദേശിച്ച്  എല്ലാ വൈസ്‌ ചാൻസലർമാർക്കും കോളേജ്‌ പ്രിൻസിപ്പൽമാർക്കും യുജിസിയും ചെയർമാൻ എം ജഗദേഷ്‌കുമാര്‍ കത്തയച്ചു. പൗരാണിക ഇന്ത്യയിൽ രാജാധിപത്യം ആയിരുന്നെന്ന പൊതുവിശ്വാസം ശരിയല്ലെന്ന് കത്തിൽ പറയുന്നു.

എന്നാൽ, ഹാരപ്പയിൽ ജനാധിപത്യം നിലനിന്നിരുന്നതായി ചരിത്രപരമായ തെളിവുകളില്ല. ആധികാരിക ചരിത്രരേഖകൾ പ്രകാരം ജനാധിപത്യആശയങ്ങളുടെ ഉറവിടം ബിസി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീസിലാണ്‌. ആധുനിക ജനാധിപത്യ സർക്കാരുകൾ ആദ്യമായി രൂപംകൊണ്ടത്‌ ഇരുനൂറിൽപ്പരം വർഷംമുമ്പ്‌ ഫ്രാൻസിലും അമേരിക്കയിലുമാണ്‌. യുജിസി വാഴ്‌ത്തുന്ന ഖാപ്പ്‌ പഞ്ചായത്തുകളാകട്ടെ ജാതിവ്യവസ്ഥയിൽ അധിഷ്‌ഠിതമാണ്‌. പാഠ്യപദ്ധതിയിൽ ഇത്തരം അസംബന്ധങ്ങൾ കടത്തിവിടാനാണ്‌ യുജിസി നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top