24 April Wednesday

കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്‌ജിമാരെക്കൂടി നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ന്യൂഡൽഹി > ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ സോഫി തോമസ്, ഹൈക്കോടതി രജിസ്‌ട്രാർ പി ജി അജിത് കുമാർ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി സി എസ്‌ സുധ, കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സി കെ ജയചന്ദ്രൻ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച്‌ രാഷ്‌ട്രപതി വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 41 ആയി.

ഹൈക്കോടതി ആദ്യ വനിതാ റജിസ്ട്രാർ ജനറലായ സോഫി തോമസ് മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ അന്തരിച്ച മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ഓർത്തോപീഡിക് സർജൻ ഡോ. ടി വൈ പൗലോസാണ് ഭർത്താവ്.  എറണാകുളം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി. 1987ൽ എൻറോൾ ചെയ്‌തു. എം.ജി സർവകലാശാലയിൽ നിന്ന് എൽഎൽഎം. 1991ൽ മാവേലിക്കര മജിസ്ട്രേട്ടായി മൂവാറ്റുപുഴ സബ്‌ജ‌ഡ്‌ജ് ആയിരിക്കെയാണ്‌ ജില്ലാ ജഡ്‌ജിയായായത്. മക്കൾ: ഡോ. പ്രണോയ് പോൾ (എംഎസ് ഓർത്തോ വിദ്യാർഥി), പ്രിയങ്ക പോൾ (പാല മുൻസിഫ്).

സി എസ് സുധ തിരുവനന്തപുരം അമ്പലമുക്ക് എൻസിസി റോഡ് ‘പ്രിയംവദ’യിൽ എജീസ് ഓഫിസ് മുൻ ഉദ്യോഗസ്ഥൻ പരേതനായ കെ ചന്ദ്രശേഖരൻ നായരുടെയും പാൽക്കുളങ്ങര എൻഎസ്എസ് ഹൈസ്‌കൂൾ റിട്ട. പ്രിൻസിപ്പൽ സുലോചനാ ദേവിയുടെയും മകളാണ്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന പരേതനായ ബി വി ദീപകാണ് ഭർത്താവ്. കേരള ജുഡീഷ്യൽ അക്കാദമിയിൽ അഡീഷണൽ ഡയറക്ടറായിരുന്നു. 2012 ൽ ജില്ലാ ജഡ്‌ജിയായി. കോംപറ്റീഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ രജിസ്ട്രാർ, നാഷനൽ കമ്പനി ലോ അപ്പലേറ്റ്‌ ട്രൈബ്യൂണൽ രജിസ്ട്രാർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. സുപ്രീം കോടതി അഭിഭാഷകനായ എസ് ഡി കാർത്തിക് ആണ് മകൻ.

അഞ്ചൽ വയല സ്വദേശി പി ജി അജിത് കുമാർ 2011ൽ ജില്ലാ ജഡ്ജിയായി. 2015 മുതൽ 2018 വരെ കേരള ജുഡീഷ്യൽ അക്കാദമി അഡീഷണൽ ഡയറക്ടറായിരുന്നു. പരേതനായ ആർ ഗോപാല പിള്ളയുടെയും ജെ തങ്കത്തിന്റെയും മകനാണ്. ഭാര്യ വി എൻ രമ. മക്കൾ: എ ആർ അതുൽ (ഗൂഗിൾ), എ ആർ അമൽ (എൽഎൽബി വിദ്യാർഥി).

ആലുവ സ്വദേശിയാണ് സി കെ ജയചന്ദ്രൻ. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നാണ് എൽഎൽബി പാസ്സായത്. 2011ൽ ഡിസ്ട്രിക്ട് ആന്റ്‌ സെഷൻഡ്‌ ജഡ്‌ജിയായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ല ജഡ്‌ജി, കെൽസ മെമ്പർ സെക്രട്ടറി, തൃശ്ശൂർ സ്പെഷ്യൽ ജഡ്‌ജി, കൊല്ലം, തിരുവനന്തപുരം പ്രിൻസിപ്പൽ ജഡ്‌ജി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർ ചന്ദ്രശേഖര കർത്തയുടെയും എൽ ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ബി അണിമ. മകൻ: കൃഷ്‌ണപ്രസാദ് ജെ ചന്ദ്രൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top