29 March Friday

വികസനവേഗം: സാമൂഹ്യസുരക്ഷയും സമാധാനവും ഉറപ്പാക്കി കേരളം

പ്രത്യേക ലേഖകൻUpdated: Tuesday Jan 24, 2023

നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ സമീപം

തിരുവനന്തപുരം
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നവകേരള വികസനം യാഥാർഥ്യമാക്കുന്നതിനുള്ള ദിശാബോധം നൽകിയും ഗവർണറുടെ നയപ്രഖ്യാപനം. ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിനുമുള്ള  ഭീഷണികളെ ഓർമപ്പെടുത്തുന്നതുമായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നയപ്രഖ്യാപന പ്രസംഗം. സാധ്യതയുള്ള എല്ലാ മേഖലകളിലും വളർച്ച നേടുന്നതിനുള്ള പദ്ധതികളാകും തന്റെ സർക്കാർ നടപ്പാക്കുകയെന്ന്‌ ഗവർണർ പറഞ്ഞു.

ഡിജിറ്റലും സാങ്കേതികവുമായ പുരോഗതി, ശാസ്ത്രബോധം, ഉൽപ്പാദനത്തിന്റെ പുതിയതലങ്ങൾ, മാന്യമായ തൊഴിൽ സൃഷ്ടിക്കൽ എന്നിവയിലായിരിക്കും ശ്രദ്ധ. സാമൂഹ്യസുരക്ഷ, ലിംഗനീതി, അവശേഷിക്കുന്ന അതിദരിദ്രരുടെ ഉന്നമനം എന്നിവയിലൂന്നും. ഇ–- ഫയലിങ്ങും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സിസ്റ്റവും കെ- സ്മാർട്ട് ആപ്ലിക്കേഷനും തുടങ്ങി ഡിജിറ്റൽ ഭരണസംവിധാനം സുതാര്യതയും വേഗതയും ഉറപ്പുവരുത്തുന്നു.

അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിൽ സൃഷ്ടിക്കാനുള്ള നോളജ് ഇക്കോണമി മിഷൻ ശക്തമായി മുന്നേറും. കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി സംരംഭക മേഖലയിലും വ്യവസായ അന്തരീക്ഷത്തിലും ചരിത്രത്തിലില്ലാത്തവിധം മുന്നേറ്റമുണ്ടായി. ‘

ദേശീയപാത- 66ന്റെ സമയബന്ധിതമായ പൂർത്തീകരണം, കുഴിയില്ലാത്ത റോഡുകൾ തുടങ്ങി ലക്ഷ്യങ്ങൾ നേടുമെന്ന്‌ ഉറപ്പുവരുത്തിയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് സംരംഭങ്ങളുടെ ഭാഗമായി വസ്തു രജിസ്ട്രേഷൻ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കൾ രാവിലെ ഒമ്പതിന്‌ ആരംഭിച്ച ഗവർണറുടെ പ്രസംഗം ഒരുമണിക്കൂർ പന്ത്രണ്ട്‌ മിനിറ്റിൽ അവസാനിച്ചു. സർക്കാർ–- ഗവർണർ ഒത്തുതീർപ്പെന്ന പതിവ്‌ പല്ലവി പ്ലക്കാർഡിൽ മലയാളത്തിൽ എഴുതിക്കൊണ്ടാണ്‌ പ്രതിപക്ഷം എത്തിയതെങ്കിലും പ്രസംഗം തീരുന്നതുവരെ നിയമസഭ ശാന്തമായിരുന്നു. പ്രസംഗം മുഴുവനും ഗവർണർ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ ചേർന്ന്‌ ഗവർണറെ സ്വീകരിച്ചു.


കേന്ദ്ര നിലപാടുകൾക്ക്‌ വിമർശം: ഭരണഘടനാമൂല്യങ്ങൾ 
സംരക്ഷിക്കണം: ഗവർണർ


തിരുവനന്തപുരം
വെല്ലുവിളികൾ നേരിടുന്ന ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. ദേശീയ ഐക്യത്തിന്റെ സുപ്രധാന  അടിസ്ഥാനങ്ങളും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗവുമായ ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വര മൂല്യങ്ങൾ, ഫെഡറലിസം എന്നിവ സംരക്ഷിക്കണം. മതപരവും ഭാഷാപരവും മറ്റു മേഖലകളിലുമുള്ള ആധിപത്യ പ്രവണതകൾ നാനാത്വത്തെ മാനിക്കുന്ന ജനാധിപത്യത്തിന് തടസ്സമാണ്‌.

   ശക്തമായ രാഷ്ട്രത്തിന് ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും ഊർജസ്വലമായി പ്രവർത്തിക്കുന്ന തദ്ദേശ സർക്കാരുകളും ആവശ്യമാണ്‌.  സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള  നീക്കം ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിലെ സംസ്ഥാനങ്ങളുടെ ഇടപെടൽശേഷിയെ പരിമിതപ്പെടുത്തുന്നു.  കേന്ദ്ര സർക്കാരിന് ബാധകമാക്കാത്ത മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് ബാധകമാക്കരുത്. സംസ്ഥാനങ്ങളുടെ നിയമനിർമാണ മേഖലകളിലേക്കുള്ള കടന്നുകയറ്റം സഹകരണ ഫെഡറൽ സംവിധാനത്തിന് ശുഭകരമല്ല.   മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ  പ്രതിജ്ഞാബദ്ധമാണ്. കിഫ്ബി വായ്പകൾ  കടമെടുപ്പിന്റെ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയത്‌ സംസ്ഥാനത്തിന്റെ കടമെടുപ്പുശേഷിയെ  പരിമിതപ്പെടുത്തി.  ഇത് സർക്കാരിന്റെ വികസനത്തെ ബാധിക്കുമെന്നും  ഗവർണർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top