29 March Friday

കേരള കർഷകരെ തടയാൻ ശ്രമിച്ച്‌ ബിജെപി സർക്കാരുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

കേരളത്തിൽനിന്നുള്ള കർഷക സംഘം വളന്റിയർമാർ രാജസ്ഥാനിലെ ജയ്പുരിൽ ഫോട്ടോ: പി വി സുജിത്ത്‌


ന്യൂഡൽഹി
ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിൽ അണിചേരാനായി കേരളത്തിൽനിന്ന്‌ റോഡുമാർഗം പുറപ്പെട്ട കർഷകർ ജയ്‌പ്പുരിലെത്തി. വെള്ളിയാഴ്‌ച ഹരിയാന അതിർത്തിയിലെ ഷാജഹാൻപ്പുരിൽ സമരത്തിലുള്ള കർഷകർക്കൊപ്പം കേരളത്തിൽനിന്നുള്ള കർഷകരും പങ്കാളികളാകും.

വ്യാഴാഴ്‌ച വൈകിട്ടോടെ ഷാജഹാൻപ്പുരിലെത്താനായിരുന്നു ലക്ഷ്യമിട്ടത്‌. എന്നാൽ, ബിജെപി ഭരണ സംസ്ഥാനങ്ങളായ കർണാടകയിലും മധ്യപ്രദേശിലുമായി പലയിടത്തും കർഷകർ സഞ്ചരിച്ച ബസുകൾ പൊലീസ്‌ തടഞ്ഞത്‌ യാത്ര വൈകാൻ കാരണമായതായി സംഘത്തെ നയിക്കുന്ന ഷൗക്കത്ത്‌ പറഞ്ഞു. ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കാനായി പോകുന്ന കർഷകരാണെന്ന്‌ അറിയിച്ചിട്ടും അനാവശ്യ പരിശോധനകളുടെ പേരിൽ യാത്ര വൈകിപ്പിച്ചു. വ്യാഴാഴ്‌ച പുലർച്ചെയോടെ ജയ്‌പ്പുരിൽ എത്തേണ്ടിയിരുന്നെങ്കിലും വൈകിട്ടായി. കിസാൻസഭ കേന്ദ്ര നേതാക്കളായ കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്‌ എംപി എന്നിവരും ജയ്‌പ്പുരിൽ എത്തി‌.

വെള്ളിയാഴ്‌ച രാവിലെ എട്ടോടെ ജയ്‌പ്പുരിൽനിന്ന്‌ കേരളത്തിലെ കർഷകർ ഷാജഹാൻപ്പുരിലേക്ക്‌ മാർച്ച്‌ ചെയ്യും. 11 ഓടെ സമരകേന്ദ്രത്തിലെത്തും. കിസാൻസഭയുടെ കേന്ദ്ര നേതാക്കൾ ഷാജഹാൻപ്പുരിൽ സംഘത്തെ സ്വീകരിക്കും. രണ്ട്‌ ബാച്ചിലായി ആയിരത്തോളം കർഷകരാണ്‌ കേരളത്തിൽനിന്ന്‌ ഡൽഹിയിൽ സമരത്തിനെത്തുന്നത്‌. കർണാടക, ആന്ധ്ര, ബംഗാൾ തുടങ്ങി മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കൂടുതൽ കർഷകർ വരുംദിവസങ്ങളിൽ ഡൽഹിയിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top