26 April Friday

കശ്മീർ ഫയൽസ് : വെളിപ്പെട്ടത് 
സംഘപരിവാർ അജൻഡ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


ന്യൂഡൽഹി
‘കശ്‌മീർ ഫയൽസ്‌’ പ്രത്യേക ഉദ്ദേശ്യത്തോടെ നിർമിച്ച തരംതാണ ചിത്രമാണെന്ന ഐഎഫ്‌എഫ്‌ഐ ജൂറി ചെയർമാന്റെ പരമാർശത്തെ വിമർശിച്ച്‌ സംഘപരിവാറും അനുകൂലിച്ച്‌ പ്രതിപക്ഷ പാർടികളും രംഗത്ത്‌. സമൂഹത്തെ വർഗീയമായി ധ്രുവീകരിക്കുന്ന സംഘപരിവാറിന്റെ സാംസ്‌കാരിക അജൻഡയാണ്‌ ജൂറി ചെയർമാൻ തുറന്നുകാട്ടിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.

കശ്‌മീരിലെ സാഹചര്യങ്ങളെ വർഗീയവീക്ഷണകോണിലൂടെ വളച്ചൊടിച്ച്‌ ചിത്രീകരിക്കുന്നതാണ്‌ ഈ ചിത്രമെന്ന വിമർശത്തെ അടിവര ഇടുന്നതാണ്‌ ജൂറി ചെയർമാൻ നദവ്‌ ലാപിഡിന്റെ പരാമർശം. കേരളത്തെ മോശമായി അവതരിപ്പിക്കുന്ന ഒരു ചിത്രവും പണിപ്പുരയിലുണ്ട്‌. ബിജെപി–- ആർഎസ്‌എസ്‌ നേതാക്കൾ ജൂറി ചെയർമാനെ വിമർശിക്കുന്നതിലൂടെ അവരുടെ അപകടരമായ വർഗീയനിലപാട്‌ മാത്രമല്ല വെളിപ്പെടുന്നത്‌, ചലച്ചിത്രം എന്ന കലാമാധ്യമത്തിന്റെ സാംസ്‌കാരിക ധർമത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതകൂടിയാണ്‌–- ബേബി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും ബിജെപിയും വലതുപക്ഷ പരിവാരവുമെല്ലാം വലിയതോതിൽ കൊട്ടിഘോഷിച്ച ചിത്രത്തെയാണ്‌ അശ്ലീലമെന്ന്‌ ജൂറി ചെയർമാൻ വിശേഷിപ്പിച്ചതെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ സുപ്രീയ ശ്രീനഥെ ചൂണ്ടിക്കാട്ടി. ശിവസേനാ എംപി പ്രിയങ്ക ചതുർവേദിയും വിമർശിച്ചു.

ക്ഷമാപണവുമായി ഇസ്രയേൽ അംബാസഡർ
ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാ​ഗത്തില്‍ സംഘപരിവാര്‍ പ്രചാരണചിത്രം ‘കശ്‌മീർ ഫയൽസ്‌’ കുത്തിത്തിരുകിയതിനെ ജൂറി അധ്യക്ഷനായ ഇസ്രയേലി സംവിധായകന്‍ നദവ് ലാപിഡ് പരസ്യമായി വിമര്‍ശിച്ചതിന്റെ ക്ഷീണം മാറ്റാന്‍  ഇന്ത്യയിലെ  ഇസ്രയേൽ അംബാസഡറെ നിര്‍ബന്ധിച്ചിറക്കി.  സംഘപരിവാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ്‌ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോൺ ഖേദപ്രകടനം നടത്തിയത്. ട്വിറ്ററിൽ ലാപിഡിന്‌ തുറന്ന കത്തെഴുതി നിശിത വിമർശവും ഗിലോൺ നടത്തി. ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ ചലച്ചിത്രകാരന്‍ നടത്തിയ പരാമര്‍ശത്തെ നയതന്ത്രപ്രശ്നമാക്കി അവതരിപ്പിച്ച് മുഖംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top