19 March Tuesday

തോറ്റത് മോദി : തെന്നിന്ത്യ ബിജെപിയെ 
തൂത്തെറിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday May 14, 2023

ബംഗളൂരു > ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക തുരുത്തും ജനരോഷത്തിൽ ഒലിച്ചുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും തമ്പടിച്ച്‌ പ്രചാരണം നടത്തിയ കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കനത്ത തോൽവി. കോൺഗ്രസ്‌ സുരക്ഷിത ഭൂരിപക്ഷം നേടി. തൂക്കുസഭയെന്ന പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ച്‌ ‘കിങ്‌ മേക്കറാകാൻ’ ഒരുങ്ങിയിരുന്ന ജെഡിഎസിനും അടിതെറ്റി.ആകെയുള്ള 224 സീറ്റിൽ കോൺഗ്രസ്‌ 136, ബിജെപി 65, ജെഡിഎസ്‌ 19, മറ്റുകക്ഷികൾ നാല്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. 2018നെക്കാൾ 56 സീറ്റ്‌ കോൺഗ്രസ്‌ അധികമായി നേടി. ബിജെപിക്ക്‌ 39സീറ്റും ജെഡിഎസിന്‌ 18ഉം നഷ്ടമായി. കോൺഗ്രസ്‌ 42.9 ശതമാനം, ബിജെപി 36, ജെഡിഎസ്‌ 13.3 എന്നിങ്ങനെയാണ്‌ വോട്ടുവിഹിതം.

വർഗീയത ആളിക്കത്തിച്ച്‌ ബിജെപി സന്നാഹമാകെ സംസ്ഥാനം ഇളക്കിമറിച്ചെങ്കിലും കടുത്ത ഭരണവിരുദ്ധ വികാരത്തിനുമുന്നിൽ തോറ്റമ്പി. ജന വികാരം അനകൂലമായതോടെ കോൺഗ്രസ്‌ വിജയത്തിലേക്ക്‌ കുതിച്ചു. ബിജെപിയുടെ 11 മന്ത്രിമാർ തോറ്റു. തൂക്കുസഭയെന്ന എക്‌സിറ്റ്‌ പോളുകളെ നിഷ്‌പ്രഭമാക്കിയാണ്‌ കോൺഗ്രസ്‌ മേൽക്കൈ നേടിയത്‌. ബിജെപിയുടെ ചാക്കിട്ടു പിടുത്തത്തെ അതിജീവിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച ആശ്വാസത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വം. അതേസമയം, മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്‌ കീറാമുട്ടിയാകുമെന്ന ഭീതിയുമുണ്ട്‌. സിദ്ദരാമയ്യയും ഡി കെ ശിവകുമാറും   ജയത്തിന്റെ അവകാശികളായി രംഗത്തുണ്ട്‌. അച്ഛനാണ്‌ മുഖ്യമന്ത്രിയെന്ന സിദ്ദരാമയ്യയുടെ മകൻ യതീന്ദ്രയുടെ പ്രസ്‌താവന വലിയ സൂചനയാണ്‌. ഞായറാഴ്‌ച ബംഗളൂരുവിൽ കോൺഗ്രസ്‌ നിയമസഭാകക്ഷി യോഗം ചേരും. ഉച്ചയോടെ മുഖ്യമന്ത്രി ആരെന്ന്‌ പ്രഖ്യാപിക്കുമെന്നാണ്‌ വിവരം. ജയിച്ചരെയെല്ലാം ബംഗളൂരുവിലെത്തിച്ചത്‌ പഴയ അട്ടിമറിപ്പേടിയിലാണ്‌.
മുംബൈ, ഹൈദരാബാദ്‌ –- കർണാടക മേഖലകളിൽ വ്യക്തമായ മുന്നേറ്റം കോൺഗ്രസിനുണ്ടായി. മധ്യ കർണാടകത്തിലും ബംഗളൂരു നഗരമേഖലയിലും കുതിച്ചു. പഴയ മൈസൂരു മേഖലയിൽ ജെഡിഎസിനെയും മറികടന്ന്‌ കോൺഗ്രസ്‌ നേട്ടമുണ്ടാക്കി. ഉഡുപ്പി, ഉത്തര, ദക്ഷിണ ജില്ലകൾ ഉൾപ്പെടുന്ന തീര കർണാടകത്തിൽ മാത്രമാണ്‌ ബിജെപി പിടിച്ചുനിന്നത്‌.  

മുംബൈ, ഹൈദരാബാദ്‌ മേഖലയിൽ ബിജെപിയെ എല്ലാക്കാലത്തും പിന്തുണച്ച ലിംഗായത്ത്‌ വിഭാഗം കോൺഗ്രസിനൊപ്പംനിന്നെങ്കിലും കോൺഗ്രസിലെത്തിയ ജഗദീഷ്‌ ഷെട്ടാർ തോറ്റത്‌ ക്ഷീണമായി. പഴയ മൈസൂരു മേഖലയിൽ ജനതാദളിന്റെ വോട്ടുബാങ്കായ വൊക്കലിഗ വിഭാഗവും കോൺഗ്രസിനൊപ്പം നിന്നു. മലയാളികളായ മുൻമന്ത്രി യു ടി ഖാദർ (മംഗളൂരു), എൻ എ ഹാരിസ്‌ (ശാന്തി നഗർ), കെ ജെ ജോർജ്‌ (സർവജ്ഞ നഗർ) എന്നിവരും ജയിച്ചു. എന്നാൽ ചില പ്രതികരണങ്ങൾ നടത്തിയതൊഴിച്ചാൽ, കർണാടകത്തിലെ വിജയം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ആഹ്വാനം ചെയ്യാതിരുന്നത്‌ അണികളിൽ ചർച്ചയായി.  നേതൃത്വം തുടരുന്ന ബിജെപി അനുകൂല നിലപാടിന്റെ തുടർച്ചയാണിതെന്നും വിമർശനമുയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top