29 March Friday

ജനാധിപത്യമല്ല, അധികാരത്തോടുള്ള ആർത്തി

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

image credit d k shivakumar twitter


ന്യൂഡൽഹി
അഞ്ചുദിവസം നീണ്ട അവകാശവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ കർണാടകത്തിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഒത്തുതീർപ്പിലെത്തുമ്പോൾ കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്ന രാഷ്ട്രീയമാതൃകയ്‌ക്ക്‌ നൽകേണ്ട വിശേഷണം എന്തെന്ന ചോദ്യമുയരുന്നു. ജനാധിപത്യത്തിന്റെ മഹനീയ മാതൃകയോ അതോ സ്ഥാനമാനങ്ങൾക്കായുള്ള അമിതാസക്തിയുടെ പ്രകടനമോ. കർണാടകത്തിലെ നാടകത്തെ കോൺഗ്രസ്‌ നേതൃത്വം മാതൃകയായി വിശേഷിപ്പിക്കുമ്പോൾ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന അധികാര വടംവലിയുടെ മറ്റൊരു ദുരനുഭവമെന്ന്‌ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കർണാടകത്തിലെ വോട്ടർമാർ ബിജെപിയെ തൂത്തെറിഞ്ഞപ്പോൾ മതനിരപേക്ഷ രാഷ്ട്രീയത്തിനു കൂടിയാണ്‌ പുത്തനുണർവ്‌ കൈവന്നത്‌. മതനിരപേക്ഷ ശക്തികൾ യോജിച്ചാൽ 2024ൽ ബിജെപിയെ കേന്ദ്രത്തിൽനിന്ന്‌ കൂടി പുറത്താക്കാമെന്ന പ്രതീക്ഷയുണർന്നു. എന്നാൽ, കോൺഗ്രസിലെ നീക്കങ്ങൾ മതനിരപേക്ഷ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ചായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക്‌ യോജിച്ച്‌ നീങ്ങുന്നതിനു പകരം മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള നേതാക്കളുടെ തുറന്ന പോരിനാണ്‌ സംസ്ഥാന രാഷ്ട്രീയം വേദിയായത്‌.

ബിജെപിക്ക്‌ സമാനമായി ജാതി–- മത സമവാക്യമാണ്‌ കോൺഗ്രസിലും നേതാവിനെ തീരുമാനിക്കുന്നതിന്‌ മാനദണ്ഡം. ഒബിസി–- ദളിത്‌–- ന്യൂനപക്ഷ പിന്തുണയാണ്‌ സിദ്ധരാമയ്യ അവകാശപ്പെട്ടത്. എട്ട്‌ ശതമാനം വരുന്ന ഒബിസി കുറുമ്പ സമുദായക്കാരനാണ്‌ സിദ്ധരാമയ്യ. പ്രബലമായ വൊക്കലിഗ സമുദായക്കാരനായ ശിവകുമാർ ലിംഗായത്ത്‌ സമൂഹത്തിന്റെ പിന്തുണയും അവകാശപ്പെട്ടു. ഇപ്പോഴത്തെ വെടിനിർത്തൽ താൽക്കാലികം മാത്രമാണ്‌. കാലാവധി പകുതിയെത്തുമ്പോൾ സിദ്ധരാമയ്യ ഒഴിയാൻ തയ്യാറായില്ലെങ്കിൽ പഞ്ചാബിലും മധ്യപ്രദേശിലും കോൺഗ്രസിനുണ്ടായ ദുരനുഭവം കർണാടകത്തിലും ആവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top