25 April Thursday

സ്വത്താണ് പാർടി ; പാർടിക്കാണ് സ്വത്ത് ; ആറുകോടി വില
വരുന്ന മൂന്നര ഏക്കർ സ്ഥലം സിപിഐ എമ്മിന്‌ സംഭാവന നൽകി ദമ്പതിമാർ

വിനോദ്‌ പായംUpdated: Friday Sep 23, 2022


ബാഗേപള്ളി
"പാർടി രാജ്യത്ത് നടത്തുന്ന പോരാട്ടത്തിനുള്ള എന്റെ സംഭാവനയാണിത്. കാശുകൊണ്ടും പദവികൊണ്ടും രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്ന കക്ഷികൾക്കിടയിൽ വേറിട്ട് നടക്കുന്ന പാർടിയായതിനാലാണ് ഈ സംഭാവന' - കർണാടകത്തിലെ ബാഗേപ്പള്ളിയിലെ ആർ എം ചലപതിയുടെയും ഭാര്യ രമാ മണിയുടെയും വാക്കുകൾ ആവേശമാകുകയാണ്‌.  ബാഗേപ്പള്ളി ലോക്കൽ ബസ് കാത്തിരിപ്പു നിലയത്തിനു സമീപം ടീ ഷോപ്പ് നടത്തുകയാണ് ആർ എം ചലപതിയും ഭാര്യ രമാ മണിയും. കടയ്ക്ക് മൂന്നു കിലോമീറ്ററപ്പുറം ബംഗളൂരു–-- ഹൈദരാബാദ് ദേശീയ പാതയോരത്ത് ദമ്പതികൾക്ക് മൂന്നരയേക്കർ ഭൂമിയുണ്ട്. കുതിക്കുകയാണ് ഈ ഭൂമിയുടെ മോഹവില. ഈ സ്വത്തിനേക്കാൾ വില വരുന്ന പാർടിക്ക് സ്വന്തം കുടുംബസ്വത്ത് കൈമാറിയിരിക്കുകയാണ് ഈ ദമ്പതികൾ. നിലവിൽ ആറു കോടിയോളം രൂപയ്‌ക്ക് സ്ഥലത്തെ പ്രമാണിമാർ നോട്ടമിട്ട ഭൂമിയാണ് ചലപതിയും ഭാര്യ രമാ മണിയും സിപിഐ എമ്മിന് കൈമാറിയത്. ബാഗേപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എം എ ബേബിയും രാഘവുലുവും ഭൂമി രേഖകൾ ഏറ്റുവാങ്ങി.  ബാഗേപ്പള്ളി നഗര ബ്രാഞ്ചംഗമാണ് ചലപതി; ഭാര്യ അനുഭാവിയും.

ആർ എം ചലപതി ആറുകോടി രൂപ വിലയുള്ള ഭൂമിയുടെ രേഖകൾ സിപിഐ എം 
പിബി അംഗങ്ങളായ എം എ ബേബിക്കും രാഘവുലുവിനും കൈമാറുന്നു

ആർ എം ചലപതി ആറുകോടി രൂപ വിലയുള്ള ഭൂമിയുടെ രേഖകൾ സിപിഐ എം 
പിബി അംഗങ്ങളായ എം എ ബേബിക്കും രാഘവുലുവിനും കൈമാറുന്നു

 

ദമ്പതികളുടെ കാലശേഷം ഭൂമി പാർടിയുടെ നിയന്ത്രണത്തിലേക്ക് വരുമെന്ന് സംസ്ഥാന സെക്രട്ടറി യു ബസവരാജ് പറഞ്ഞു. ബാഗേപ്പള്ളി താലൂക്ക് സെക്രട്ടറി മുഹമ്മദ് അക്രത്തിന്റെ പേരിലാണ് ഭൂരേഖ പതിച്ചിട്ടുള്ളത്. നിലവിൽ ഭൂമി എങ്ങനെ ഉപയോഗിക്കണമെന്നത്‌ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം പി മുനി വെങ്കിടപ്പ പറഞ്ഞു. ഓഫീസിനും പഠനത്തിനും ഗവേഷണത്തിനുമായി  ഈ സ്ഥലത്ത് അക്കാദമി സ്ഥാപിക്കാനാകുമെന്ന് ജില്ലാ സെക്രട്ടറിയറ്റംഗവും ബാഗേപ്പള്ളി പീപ്പിൾസ് സർജിക്കൽ ആശുപത്രിയിലെ താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. അനിൽകുമാർ പറഞ്ഞു. ആന്ധ്ര അതിർത്തിയിലെ സ്ഥലമായതിനാൽ അവിടത്തെ പാർടിക്കുകൂടി ഉപയോഗിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top