25 April Thursday

കർണാടകത്തിൽ തമ്മിലടി തുടർന്ന്‌ കോൺഗ്രസ്‌; മന്ത്രിമാരെ തീരുമാനിക്കാനാകാതെ നേതൃത്വം

അനീഷ്‌ ബാലൻUpdated: Monday May 22, 2023

മംഗളൂരു > ഡി കെ ശിവകുമാറിനെ വെട്ടി സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പോര് തുടരുന്നു. അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ ഇരു നേതാക്കളും ശ്രമം തുടങ്ങിയതോടെ ക്യാബിനറ്റ് വിപുലീകരണം വൈകും. 28 പേരുകളിൽ ചർച്ച വഴിമുട്ടിയതോടെയാണ്‌ ശനിയാഴ്‌ച എട്ട്‌ മന്ത്രിമാർ മാത്രം സത്യപ്രതിജ്ഞ ചെയ്‌തത്.

മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തി മുതിർന്ന നേതാവ് ദിനേശ് ഗുണ്ട്റാവു പരസ്യമായി പ്രകടിപ്പിച്ചു. മുഴുവൻ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത ശേഷമെ മന്ത്രിസഭാ വിപുലീകരണം ഉണ്ടാകൂ എന്നും ഇക്കാര്യം ഗവർണറെ അറിയിച്ചെന്നും  ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ 34 അംഗ മന്ത്രിസഭ ഉണ്ടാക്കാനാകും.

ലിംഗായത്ത്‌, ദളിത്‌, മുസ്ലിം വിഭാഗങ്ങളടക്കം വിവിധ സമുദായങ്ങൾ തങ്ങൾക്ക്‌ കൂടുതൽ മന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളും വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയതും നേതൃത്വത്തെ കുഴയ്‌ക്കുന്നു. ജെഡിഎസ്–- - കോൺഗ്രസ് സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയും എട്ട് വർഷം കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ജി പരമേശ്വര, പ്രമുഖ ലിംഗായത്ത്‌ നേതാവ്‌  എം ബി പാട്ടീൽ, സമീർ അഹമ്മദ്ഖാൻ എന്നിവരെ ഉപമുഖ്യമന്ത്രിയാക്കണമെന്ന സമ്മർദ്ദം ശക്തമാണ്‌. തോറ്റെങ്കിലും ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാർ, ബിജെപി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സാവദി എന്നിവർ മന്ത്രിമാരാകുമെന്നാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top