25 April Thursday

കര്‍ണാല്‍ മറ്റൊരു സിന്‍ഘു ആകും ; രാപകല്‍ ഉപരോധം തുടര്‍ന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


കർണാൽ
പൊലീസ് മര്‍ദനത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട ഹരിയാനയിലെ കര്‍ണാലിലെ ഭരണസിരാകേന്ദ്രം വളഞ്ഞ കര്‍ഷകരുടെ ഉപരോധസമരം  തുടരുന്നു. മിനി സെക്രട്ടറിയറ്റിന് മുന്നില്‍ കൂടാരങ്ങൾ സ്ഥാപിച്ച്‌ പതിനായിരക്കണക്കിനു കർഷകർ രാപകൽ ധർണയില്‍. പ്രക്ഷോഭം വിപുലമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. സിന്‍ഘു, ടിക്രി മാതൃകയിൽ സ്ഥിരം സമരവേദി സ്ഥാപിക്കുമെന്ന്‌ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ മുന്നറിയിപ്പുനല്‍കി.

കർഷകരുടെ തല അടിച്ചുപൊട്ടിക്കാൻ ഉത്തരവിട്ട എസ്‌ഡിഎം ആയുഷ്‌ സിൻഹയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് പ്രക്ഷോഭം തുടരാന്‍ കാരണം. നേതാക്കളുമായി പൊലീസ്‌ കമീഷണര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആയുഷ്‌ സിൻഹയെ സസ്‌പെൻഡ്‌ ചെയ്യുക, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക എന്നീ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. കൊല്ലപ്പെട്ട കർഷകൻ സുശീൽ കാജലിന്റെ  കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകില്ലെന്നും സർക്കാർ പ്രതിനിധികൾ പറഞ്ഞു. ലാത്തിച്ചാർജിലാണ്‌ കൊല്ലപ്പെട്ടതെന്ന വാദത്തിന്  തെളിവില്ലന്നും പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ലെന്നും സർക്കാർ വാദിച്ചു. പോസ്റ്റ്‌മോർട്ടം  നടക്കാത്തത് സർക്കാര്‍ വീഴ്‌ചയാണെന്നും  സുശീലിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും കർഷകനേതാക്കൾ ചൂണ്ടിക്കാട്ടി.

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന്‌ നേതാക്കൾ പറഞ്ഞു. ബികെയു നേതാവ്‌ ഗുർണാംസിങ്‌ ചടൂണി, അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ് എന്നിവർ പ്രക്ഷോഭകരെ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top