20 April Saturday

കർണാലിൽ കരുത്തോടെ കര്‍ഷകര്‍ ; രാപകൽ മിനി സെക്രട്ടറിയറ്റ്‌ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021


ന്യൂഡൽഹി
പൊലീസിന്റെ ലാത്തിയടിയില്‍  കർഷകൻ കൊല്ലപ്പെട്ട ഹരിയാനയിലെ കർണാലിൽ കരുത്താര്‍ജ്ജിച്ച്  കര്‍ഷകരുടെ രാപകൽ  മിനി സെക്രട്ടറിയറ്റ്‌ ഉപരോധം. മറ്റു ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹം. ഇതോടെ സമരം ഒത്തുതീർക്കാൻ ശ്രമം ഊർജിതമാക്കി സര്‍ക്കാര്‍. അഡീഷണൽ ചീഫ്‌ സെക്രട്ടറിയും ജില്ലാ കലക്ടറും കർഷകനേതാക്കളുമായി ആശയവിനിമയം നടത്തി. ഔപചാരിക ചർച്ച ശനിയാഴ്‌ച. നാല്‌ ദിവസത്തിനിടെ മൂന്നാം ചർച്ചയാണിത്‌.കർഷകൻ കൊല്ലപ്പെട്ടതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.


സംസ്ഥാനങ്ങളില്‍ കണ്‍വന്‍ഷന്‍
വരുന്ന 27ന് നടത്തുന്ന ഭാരത്‌ ബന്ദിന്റെ പ്രചാരണാർഥം വിവിധ സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ച കൺവൻഷന്‍ വിളിച്ചു. ഷാജഹാൻപുരിൽ രാജസ്ഥാൻ സംസ്ഥാന കൺവൻഷനിൽ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, താരാസിങ്‌ സിദ്ദു, പെമ റാം, ബെൽവാൻ പൂനിയ തുടങ്ങിയവർ സംസാരിച്ചു.ലഖ്നൗവിൽ  ഉത്തർപ്രദേശ്‌ കൺവൻഷനിൽ 85 കർഷകസംഘടന പ്രതിനിധികൾ പങ്കെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹർണാം വർമ, ഡി പി സിങ്‌, തേജേന്ദർ സിങ്‌ വിർക്ക്‌ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ഡോ. ദർശൻ പാൽ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top