26 April Friday

കരിപ്പൂർ വിമാന ദുരന്തം: പൈലറ്റുമാരുടെ പിഴവെന്ന് വ്യോമയാന മന്ത്രാലയം

സ്വന്തം ലേഖകൻUpdated: Sunday Sep 12, 2021

ന്യൂഡൽഹി
തീരുമാനം എടുക്കുന്നതിൽ പൈലറ്റുമാർക്ക്‌ സംഭവിച്ച പിഴവാണ്‌  കരിപ്പൂർ വിമാനത്താവളത്തിലെ എയർഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാന അപകടത്തിന്  കാരണമെന്ന്‌ വ്യോമയാന മന്ത്രാലയം അന്വേഷണ റിപ്പോർട്ട്‌.  നടപടിക്രമം ലംഘിച്ചാണ്‌ വിമാനം ഇറക്കിയത്‌. മുഖ്യപൈലറ്റിനുമേൽ ജോലിഭാരം ഉണ്ടായിരുന്നു. വിമാനത്തിന്റെ വിൻഡ്‌ഷീൽഡ്‌  വൈപ്പർ കേടായതും പ്രശ്‌നമായി. 2020 ആഗസ്‌ത്‌ ഏഴിനായിരുന്നു അപകടം
.
കനത്ത മഴയിൽ ഇറക്കിയ വിമാനം റൺവേ നിരപ്പിൽനിന്ന്‌ 110 അടി താഴെ വീണ്‌  രണ്ടായി മുറിഞ്ഞു. രണ്ടാം ശ്രമത്തിലാണ്‌ അപകടം. ആദ്യശ്രമം പരാജയപ്പെട്ടപ്പോൾ വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക്‌ തിരിച്ചുവിടണമായിരുന്നു. ഇന്ധനം ഉണ്ടായിരുന്നു.  ഉയർന്നുനിൽക്കുന്ന പ്രതലമുള്ള കരിപ്പൂരിൽ  പ്രതികൂല കാലാവസ്ഥയിൽ  വിമാനം ഇറക്കുന്നത്‌ അപകടകരമാണ്‌. രണ്ട്‌ പൈലറ്റുമാരും പരിചയസമ്പന്നരായിരുന്നു. എന്നാൽ ശരിയായ ആലോചന ഉണ്ടായില്ല.  അടുത്ത ദിവസം രാവിലെ കരിപ്പൂരിൽനിന്ന്‌ ദോഹയിലേക്കുള്ള വിമാനം പറത്തേണ്ട ചുമതലയും ഈ വിമാനത്തിലെ മുഖ്യപൈലറ്റിനായിരുന്നു. വിമാനം തിരിച്ചുവിട്ടാൽ ഡ്യൂട്ടിക്ക്‌ എത്താൻ വൈകുമെന്ന ചിന്ത ഉണ്ടായിട്ടുണ്ടാകണം–-ക്യാപ്‌റ്റൻ സുരേന്ദ്ര സിങ്‌ ചഹറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

ദുബായിൽനിന്ന്‌ വന്ന ബി737–-800 എയർഇന്ത്യാ എക്‌സ്‌പ്രസിലെ  രണ്ട്‌ പൈലറ്റുമാർ അടക്കം 21 പേർ മരിച്ചു. 184 യാത്രക്കാരുണ്ടായിരുന്നു.  മഹാരാഷ്ട്ര സ്വദേശിയായ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ ദീപക്‌ സാഥെ, ഹരിയാന സ്വദേശി അഖിലേഷ്‌ കുമാർ എന്നിവരായിരുന്നു പൈലറ്റുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top