12 July Saturday

കപിൽ സിബലും കോൺഗ്രസ്‌ വിട്ടു; എസ്‌.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക്‌

എം പ്രശാന്ത്‌Updated: Wednesday May 25, 2022


ന്യൂഡൽഹി
പ്രമുഖ നേതാവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ കോണ്‍​ഗ്രസ് വിട്ടു. തിരിച്ചുവരവ്‌ ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിനു പിന്നാലെ കപിൽ സിബലും രാജിവെച്ചത്‌ കോൺഗ്രസിന് കനത്ത പ്രഹരമായി. സമാജ്‌വാദി പാർടി പിന്തുണയിൽ ഉത്തർപ്രദേശിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ സ്വതന്ത്ര സ്ഥാനാർഥിയായി സിബൽ ബുധനാഴ്‌ച പത്രിക നല്‍കി. കോൺഗ്രസിലെ വിമത വിഭാഗമായ ജി–-23ലെ പ്രമുഖനാണ് സിബൽ. ചിന്തൻ ശിബിരത്തിനുപിന്നാലെ സോണിയ കുടുംബഭക്തർ കോൺഗ്രസിൽ പിടിമുറുക്കിയതോടെ കൂടുതല്‍ ജി–-23 നേതാക്കള്‍ കൊഴിഞ്ഞുപോയേക്കും. പഞ്ചാബ്‌ പിസിസി പ്രസിഡന്റായിരുന്ന സുനിൽ ഝക്കറും ഗുജറാത്ത്‌ വർക്കിങ്‌ പ്രസിഡന്റായ ഹാർദിക്‌ പട്ടേലും ദിവസങ്ങൾക്കുമുമ്പാണ് കോണ്‍​ഗ്രസ് വിട്ടത്.

ബിജെപിയെ എതിർക്കുന്നതിന്‌ രാജ്യസഭയിലേക്ക്‌ പോകാനുള്ള താൽപ്പര്യം എസ്‌പി നേതാവ്‌ അഖിലേഷിനെ അറിയിച്ചപ്പോൾ അദ്ദേഹം പിന്തുണയ്‌ക്കുകയായിരുന്നെന്ന്‌ സിബൽ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിൽനിന്ന്‌ 16ന് രാജിവച്ചിരുന്നു. കോൺഗ്രസിൽ 30 വർഷമായി. ഇനി, സ്വതന്ത്രനായി പ്രവർത്തിക്കണം. കോൺഗ്രസിന്‌ എതിരായി സംസാരിക്കില്ല. ഒരു സഖ്യം രൂപീകരിച്ച്‌ മോദി സർക്കാരിനെ എതിർക്കണം. ബിജെപിയെ എതിർക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കണം. അതിനായി വ്യക്തിപരമായി പ്രവർത്തിക്കും. പാർടി അംഗങ്ങളെന്നനിലയിൽ പാർടി അച്ചടക്കം പാലിക്കേണ്ടതായി വരും. എന്നാൽ, സ്വതന്ത്ര ശബ്‌ദമുണ്ടാകേണ്ടത്‌ പ്രധാനമാണ്‌–- സിബൽ പറഞ്ഞു.

എസ്‌പി നേതാക്കളായ അഖിലേഷ്‌, രാംഗോപാൽ യാദവ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ സിബൽ പത്രിക സമർപ്പിച്ചത്‌. യുപിയിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന 11 രാജ്യസഭാ സീറ്റിൽ എസ്‌പിക്ക്‌ മൂന്നിൽ ജയിക്കാനാകും. എംപിയെന്ന നിലയിൽ സിബൽ അദേഹത്തിന്റെയും സമാജ്‌വാദി പാർടിയുടെയും നിലപാട് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന്- അഖിലേഷ്‌ യാദവ്‌ പറഞ്ഞു.

ചിന്തൻ ശിബിരത്തിൽ മുൻ കേന്ദ്ര മന്ത്രിയെന്നനിലയിൽ ക്ഷണിക്കപ്പെട്ടെങ്കിലും സിബൽ പങ്കെടുത്തില്ല. ചിന്തൻ ശിബിരം അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം രാജി സമർപ്പിച്ചെങ്കിലും പരസ്യപ്പെടുത്തിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top