18 April Thursday

‘കാളി’ ഡോക്യുമെന്ററി: ലീന മണിമേഖലയ്‌ക്കെതിരെ നടപടികൾ പാടില്ലെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Jan 20, 2023

ന്യൂഡൽഹി> ‘കാളി’ ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ്‌ എടുത്തിട്ടുള്ള കേസുകളിൽ നടപടികളിലേക്ക്‌ കടക്കരുതെന്ന്‌ സുപ്രീംകോടതി നിർദേശം. വിവാദ പോസ്‌റ്ററുമായി ബന്ധപ്പെട്ട്‌ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾക്കെതിരായി ലീന സമർപ്പിച്ച ഹർജി പരിഗണിച്ച്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്‌റ്റിസ്‌ പി എസ്‌ നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ്‌ നിർദേശം.

കേസെടുത്തിട്ടുള്ള സംസ്ഥാനങ്ങൾക്ക്‌ കോടതി നോട്ടീസ്‌ അയക്കുകയും ചെയ്‌തു. ഒന്നിലേറെ സംസ്ഥാനങ്ങളിലായി കേസെടുത്തത്‌ ഈ ഘട്ടത്തിൽ ലീനയോട്‌ കാട്ടുന്ന ഗുരുതരമായ മുൻവിധിയായി മാറുമെന്ന്‌ കോടതി നിരീക്ഷിച്ചു. ‘കാളി’ ഡോക്യുമെന്ററി പോസ്‌റ്ററിന്റെ പേരിൽ യുപി, മധ്യപ്രദേശ്‌, ഡൽഹി, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ ലീനയ്‌ക്കെതിരായി കേസെടുത്തിട്ടുള്ളത്‌.ഒരു പക്ഷെ കൂടുതൽ കേസുകൾ എടുത്തിട്ടുണ്ടാകാമെന്നും അതേ കുറിച്ച്‌ അറിവില്ലെന്നും ലീനയ്‌ക്കായി ഹാജരായ മുതിർന്ന അഭിഭാഷക കാമിനി ജെയ്‌സ്വാൾ കോടതിയെ അറിയിച്ചു.

ലീനയ്‌ക്കെതിരായി മറ്റ്‌ സംസ്ഥാനങ്ങളും നടപടികളിലേക്ക്‌ നീങ്ങാൻ ഇടയുണ്ടെന്ന്‌ കാമിനി ചൂണ്ടിക്കാട്ടി. നിലവിലെ കേസുകളിൽ മാത്രമല്ല ഇനി എടുക്കാൻ ഇടയുള്ള കേസുകളിലും ലീനയ്‌ക്കെതിരായി നടപടികൾ പാടില്ലെന്ന്‌ ഈ ഘട്ടത്തിൽ കോടതി വ്യക്തമാക്കി. എല്ലാ കേസുകളും ഒരു സ്ഥലത്തേക്ക്‌ മാറ്റുന്നതിനെ കുറിച്ച്‌ നിലപാട്‌ അറിയിക്കാനും സംസ്ഥാനങ്ങളോട്‌ കോടതി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top