26 April Friday

കൊളീജിയം ശുപാർശ: കേന്ദ്രസമീപനം ജനാധിപത്യം തകർക്കും- ജസ്റ്റിസ്‌ നരിമാൻ

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

ന്യൂഡൽഹി> ജഡ്‌ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ അടയിരിക്കുന്നത്‌ ജനാധിപത്യത്തിന്റെ നാശത്തിന്‌ വഴിയൊരുക്കുമെന്ന രൂക്ഷ വിമർശവുമായി സുപ്രീംകോടതി മുൻ ജഡ്‌ജി റോഹിന്റൺ ഫാലി നരിമാൻ. മുപ്പതു ദിവസത്തിനകം കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെങ്കിൽ ശുപാർശ നടപ്പാക്കണമെന്നും മുൻ കൊളീജിയം അംഗംകൂടിയായ നരിമാൻ പറഞ്ഞു. കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവിന്റെ  കൊളീജിയത്തിനെതിരായ പരാമർശങ്ങളേയും നരിമാൻ കടന്നാക്രമിച്ചു.

വീണ്ടും അംഗീകാരത്തിന്‌ നൽകുന്ന പേരുകളിൽ നിശ്ചിത സമയത്തിൽ അഭിപ്രായം അറിയിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്‌ ഒന്നും പറയാനില്ലെന്ന്‌ കണക്കാക്കി തുടർനടപടി സ്വീകരിക്കണം. കൊളീജിയം വിഷയങ്ങൾക്കായി രൂപീകരിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഇക്കാര്യം പരിഗണിക്കണം. ഏഴാമത് എം സി ചഗ്ല അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്ര മന്ത്രി കോടതി ഉത്തരവ്‌ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന്‌ റിജിജുവിന്റെ പേര്‌ പരാമർശിക്കാതെ നരിമാൻ പറഞ്ഞു. ഏത്‌ പൗരനും കൊളീജിയത്തെ വിമർശിക്കാം. പക്ഷേ, മന്ത്രി അധികാര സ്ഥാനത്തുള്ളയാളാണ്‌–-അദ്ദേഹം പറഞ്ഞു. സ്വതന്ത്രരും നിർഭയരുമായ ജഡ്ജിമാർ ഇല്ലെങ്കിൽ ഒന്നും അവശേഷിക്കില്ല. ഇരുണ്ട യുഗത്തിന്റെ അഗാധതയിലേക്ക്‌ രാജ്യം പതിക്കും. നല്ല ഭരണഘടനയുണ്ടെങ്കിലും അതിന്റെ കീഴിലെ സ്ഥാപനങ്ങൾ തകരാറിലാണെങ്കിൽ ഒന്നും ചെയ്യാനില്ല.

ഭരണഘടനതന്നെ എഴുതിത്തള്ളേണ്ടിവരും–--നരിമാൻ ഓർമപ്പെടുത്തി. ജഡ്ജിയെ നിയമിക്കണോ വേണ്ടയോ എന്ന് ചീഫ് ജസ്റ്റിസിനേക്കാൾ നന്നായി ആർക്കറിയാമെന്നും നരിമാൻ ചോദിച്ചു. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം കോടതി റദ്ദാക്കിയത്‌, പാർലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന  ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖറിന്റെ  പ്രസ്‌താവന വസ്‌തുതാപരമല്ലെന്നും നരിമാൻ വിമർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top