19 April Friday

രാജ്യസ്‌നേഹികളെ കേസുകളിൽ കുടുക്കുന്നത്‌ ആശങ്ക ; ഡല്‍ഹി പൊലീസിന്‌ മുന്‍ ഡിജിപിയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്‌ത്‌ ഗുജറാത്ത്‌, പഞ്ചാബ്‌ മുൻ ഡിജിപി ജൂലിയോ റിബേറോ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂർവം പ്രതിഷേധിച്ചവരെ കേസില്‍പ്പെടുത്തിയ പൊലീസ്‌ തീവ്രവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്ക്‌ എതിരെ നടപടി എടുക്കാത്തത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ഡൽഹി പൊലീസ്‌ കമീഷണർ എസ്‌ എൻ ശ്രീവാസ്‌തവയ്‌ക്ക്‌ അയച്ച ഇ മെയിലിൽ ജൂലിയോ റിബേറോ പറഞ്ഞു.

‘ഇന്ത്യൻ പൊലീസ്‌ സർവീസിലെ മുൻ അംഗവും തികഞ്ഞ രാജ്യസ്‌നേഹിയുമെന്ന നിലയിൽ ‌ഈ കത്ത്‌ എഴുതുന്നത്‌ ദുഃഖം നിറഞ്ഞ ഹൃദയത്തോടെയാണ്‌. ന്യൂനപക്ഷ വിരുദ്ധ നടപടി തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമാധാനപൂർവം പ്രതിഷേധിച്ചവർക്ക്‌ എതിരെ രജിസ്‌റ്റർ ചെയ്‌ത 753 എഫ്‌ഐആറിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണം. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾക്ക്‌ വഴിമരുന്നിട്ട തീവ്ര വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളായ അനുരാഗ്‌ താക്കൂർ, കപിൽ മിശ്ര, പർവേഷ്‌ വർമ എന്നിവർക്ക്‌ എതിരെ നടപടി എടുക്കാത്ത ഡൽഹി പൊലീസിന്റെ നിലപാട്‌ എന്നെപ്പോലെ ഒരു രാഷ്ട്രീയവുമില്ലാതെ കൃത്യനിർവഹണം നിറവേറ്റിയ മുൻ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി.

ജാതി, മത, വർഗ, വർണ ഭേദമില്ലാതെ സ്വന്തം കർത്തവ്യങ്ങൾ നിറവേറ്റേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം പൊലീസ്‌ ഉദ്യോഗസ്ഥർക്കുണ്ട്‌. അതിന്‌ മുതിരാതെ യഥാർഥ രാജ്യസ്‌നേഹികളെന്ന്‌ വിശേഷിപ്പിക്കാവുന്ന ഹർഷ്‌മന്ദറിനെയും അപൂർവ്വാനന്ദിനെയും പോലെയുള്ളവരെ ക്രിമിനൽക്കേസുകളിൽ കുടുക്കാൻ നോക്കുന്നത്‌ കടുത്ത ആശങ്ക ഉണ്ടാക്കുന്നു’’–- മുംബൈ മുൻ കമീഷണർ കൂടിയായ ജൂലിയോ റിബേറോ ഇമെയിലില്‍ ചൂണ്ടിക്കാട്ടി.മെയിൽ അദ്ദേഹം തന്നെ അയച്ചതാണോയെന്ന് സ്ഥിരീകരിച്ചശേഷം മറുപടി നൽകുമെന്ന് ഡൽഹി പൊലീസ്‌ വക്താവ്‌ ഡോ. എയ്‌ഷ്‌ സിംഗാൾ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top