28 March Thursday

ബിജെപി അധ്യക്ഷനായി ജെപി നദ്ദ തുടരും; കെ സുരേന്ദ്രനും മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023


ന്യൂഡൽഹി   
ബിജെപി ദേശീയ പ്രസിഡന്റായി 2024 ജൂൺവരെ ജെ പി നദ്ദ തുടരും. ഡൽഹിയിൽ ചേർന്ന രണ്ടുദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവിന്റേതാണ്‌ തീരുമാനം. ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ പ്രസിഡന്റായി നദ്ദ തുടരുമെന്ന്‌ പ്രഖ്യാപിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നദ്ദ നയിക്കും. രാജ്‌നാഥ്‌ സിങ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വീണ്ടും നദ്ദയുടെ പേര്‌ നിർദേശിച്ചു. മോദിയുടെയും നദ്ദയുടെയും നേതൃത്വത്തിൽ ബിജെപി കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകും–- ഷാ പറഞ്ഞു.

കോവിഡിൽ മെമ്പർഷിപ്പ്‌ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നതിനാലാണ്‌ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താതിരുന്നതെന്നും മെമ്പർഷിപ്പ്‌ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഷാ പറഞ്ഞു. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ നദ്ദയ്‌ക്കെതിരെ വിമർശങ്ങൾ ഉയർന്നിരുന്നു. സ്വന്തം സംസ്ഥാനമായ ഹിമാചലിൽ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പൂർണമായും കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിട്ടും ബിജെപി ദയനീയമായി തോറ്റതോടെ സംഘാടകനെന്ന നിലയിൽ നദ്ദയുടെ ശേഷി ചോദ്യംചെയ്യപ്പെട്ടു. എന്നാൽ, ഏത്‌ നിർദേശവും ചോദ്യം കൂടാതെ പാലിക്കുന്ന വിശ്വസ്‌തനും വിധേയനുമെന്ന നിലയിൽ നദ്ദ തുടരട്ടെയെന്ന്‌ മോദി തീരുമാനിക്കുകയായിരുന്നു.

ഷായും ഇതിനോട്‌ യോജിച്ചു. നിതിൻ ഗഡ്‌കരി, രാജ്‌നാഥ്‌ സിങ്‌ തുടങ്ങിയ നേതാക്കളെപ്പോലെ മോദി–- ഷാ കൂട്ടുകെട്ടിന്‌ ഏതെങ്കിലും തരത്തിൽ വെല്ലുവിളി ഉയർത്തുന്ന നേതാവല്ല എന്നതും നദ്ദയ്‌ക്ക്‌ അനുകൂലമായി. നദ്ദ തുടരുന്നതിനോട്‌ ആർഎസ്‌എസും പ്രകടമായി വിയോജിച്ചില്ല.   അമിത്‌ ഷായ്‌ക്ക്‌ കീഴിൽ വർക്കിങ്‌ പ്രസിഡന്റായിരുന്ന നദ്ദയെ 2020 ജനുവരിയിലാണ്‌ മോദി പ്രസിഡന്റ്‌ സ്ഥാനത്ത്‌ അവരോധിച്ചത്‌.

നദ്ദയുടെ കീഴിൽ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top