26 April Friday

എംപിലാഡ്‌സ്‌ പുതുക്കിയ മാർഗരേഖ പുനഃപരിശോധിക്കണം: ജോൺബ്രിട്ടാസ്‌ എംപി

സ്വന്തം ലേഖകൻUpdated: Thursday Mar 9, 2023

ന്യൂഡൽഹി> എംപിമാരുടെ പ്രാദേശികവികസനപദ്ധതിയുടെ (എംപിലാഡ്‌സ്‌) പുതുക്കിയ മാർഗരേഖ കേരളത്തിന്‌ പ്രതികൂലമാണെന്നും ഈ കാര്യത്തിൽ പുനഃപരിശോധന വേണമെന്നും ജോൺബ്രിട്ടാസ്‌ എംപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ താജ്യസഭാ ചെയർമാൻ ജഗ്‌ദീപ്‌ധൻകർ, ലോക്‌സഭാസ്‌പീക്കർ ഓംബിർള, കേന്ദ്ര പദ്ധതി നിർവഹണ– സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ വകുപ്പ്‌ സഹമന്ത്രി റാവു ഇന്ദർജിത്ത്‌സിങ്ങ്‌ എന്നിവർക്ക്‌ കത്തയച്ചു. നിലവിൽ, സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ എംപിലാഡ്‌സ്‌ ഫണ്ട്‌ വിനിയോഗിക്കാമായിരുന്നു.

കേരളത്തിലെ നൂറുകണക്കിന്‌ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചിരുന്നു. പുതിയ സാമ്പത്തികവർഷത്തിൽ പ്രാബല്യത്തിൽ വരാൻ പോകുന്ന മാർഗരേഖ പ്രകാരം എയ്‌ഡഡ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വകാര്യട്രസ്‌റ്റുകളെ പൊലും എംപിലാഡ്‌സ്‌ പദ്ധതിയിൽ പരിഗണിക്കുമ്പോഴാണ്‌ ഗവൺമെന്റ്‌ എയ്‌ഡഡ്‌ സ്ഥാപനങ്ങളെ ഒഴിവാക്കിയത്‌. എംപിലാഡ്‌സ്‌ ഫണ്ടിന്റെ പലിശയുടെ പ്രയോജനം അതിലെ പദ്ധതികൾക്ക്‌ വേണ്ടി വിനിയോഗിക്കാമെന്നത്‌ ആയിരുന്നു നിലവിലുള്ള ചട്ടം. പുതിയ മാർഗരേഖ വരുന്നതോടെ, പലിശയിനത്തിലുള്ള വരുമാനം 2023 സെപ്‌തംബറിന്‌ ശേഷം കേന്ദ്രസർക്കാരിലേക്ക്‌ തിരിച്ചുപോകും.

അഞ്ച്‌ വർഷം കൊണ്ട്‌ ഏകദേശം ആയിരം കോടിയെങ്കിലും ഈ മാർഗത്തിലൂടെ ഉണ്ടാക്കാൻ കഴിയുമെന്നാണ്‌ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. ജില്ലാതലത്തിലുള്ള നിർവഹണ ഏജൻസികളാണ്‌ നിലവിൽ എംപിലാഡ്‌ പദ്ധതികളുടെ മേൽനോട്ടവും ഫണ്ട്‌ ക്രയവിക്രിയവും നടത്തിയിരുന്നത്‌. പുതിയ വ്യവസ്ഥ പ്രകാരം ദേശീയതലത്തിലെ ഏജൻസികൾക്ക്‌ ആയിരിക്കും ഇക്കാര്യങ്ങളുടെ ചുമതല. ഫണ്ട്‌ വിനിയോഗത്തിൽ കാലതാമസവും പദ്ധതികൾ വൈകാനും ഈ വ്യവസ്ഥ കാരണമാകും. എംപിലാഡ്‌ പദ്ധതിഫലകങ്ങളിൽ ഹിന്ദി നിർബന്ധമാക്കികൊണ്ടുള്ള കരടുനിർദേശം പിൻവലിക്കണമെന്നും ജോൺബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top