25 April Thursday

ഹൈക്കോടതികളിലെ മൂന്നിലൊന്ന് ജഡ്‌ജിമാരുടെ ഒഴിവുകളും നികത്തിയിട്ടില്ല; രാജ്യസഭയിൽ കുറ്റസമ്മതം നടത്തി കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ന്യൂഡൽഹി> ഹൈക്കോടതികളിലെ മൂന്നിലൊന്ന് ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേസുകൾ തീർപ്പാക്കാതെ കുമിഞ്ഞുകൂടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ കുറ്റസമ്മതം. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്.

ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെയും 138 ഹൈക്കോടതി ജഡ്ജിമാരുടെയും നിയമന ശുപാർശകൾ ഗവൺമെന്റിന്റെ പരിഗണനയിലാണ്. ഹൈക്കോടതിയിൽ ആകെയുള്ള 1108 തസ്തികകളിൽ 333 ന്യായാധിപ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ 142 നിയമന ശുപാർശകൾ മാത്രമാണ് വിവിധ ഹൈക്കോടതി കൊളീജിയങ്ങൾ ഇതിനോടകം ശുപാർശ ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 138 ശുപാർശകൾ ഗവൺമെന്റിലും നാല് ശുപാർശകൾ സുപ്രീംകോടതി കൊളീജിയം മുമ്പാകെയും കെട്ടിക്കിടക്കുകയാണ്.

നിലവിലുള്ള മാർഗനിർദ്ദേശരേഖപ്രകാരം ഹൈക്കോടതികളിലെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച് ആറുമാസം മുമ്പ് തന്നെ മുൻകൂർ ശുപാർശകൾ നൽകാം. അപ്രകാരം കണക്കാക്കുകയാണെങ്കിൽ ഹൈക്കോടതി കൊളീജിയങ്ങൾ ഇതിനോടകം 236 നിയമന ശുപാർശകൾ കൂടി നൽകേണ്ടതായിരുന്നു. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതിൽ കേന്ദ്ര ഗവൺമെന്റിന്റെയും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയുടെ നേർചിത്രമാണ് ഇതിലൂടെ തെളിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top