27 April Saturday

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾക്ക്‌ നേരെയുണ്ടായ ആക്രമണം ആസൂത്രിതം; കേന്ദ്രമന്ത്രിക്ക്‌ ജോൺ ബ്രിട്ടാസ്‌ എംപിയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

ന്യൂഡൽഹി > മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി ട്രൈബല്‍ യുണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്‌ എംപി കത്തയച്ചു. ആക്രമണം ആസൂത്രിതമാണെന്ന് ജോണ്‍ ബ്രിട്ടാസ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിനയച്ച കത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ക്യാമ്പസിനകത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സെല്‍ഫിയെടുത്തെന്നാരോപിച്ച് വിദ്യാര്‍ത്ഥികളായ നഷീല്‍, അഭിഷേക്, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവരെ പത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മുളവടിയുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത കേന്ദ്ര സര്‍വകലാശാലകളില്‍ വ്യാപകമാണെന്നും ഉപരിപഠനത്തിനായി അന്യസംസ്ഥാനത്ത് പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭീതിയിലാണെന്നും ജോൺ ബ്രിട്ടാസ്‌ കത്തിൽ പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

"മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നിട്ടുള്ള കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. നാടിന്റെയും, ഭാഷയുടെയും, വംശത്തിന്റെയും പേരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇതിന് മുമ്പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരെ രാജ്യത്തുടനീളം ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവണം' - ബ്രിട്ടാസ്‌ കത്തില്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top