20 April Saturday

എംഎല്‍എയ്ക്ക് 
10 കോടി, മന്ത്രിസ്ഥാനം ; ജാർഖണ്ഡ് പിടിക്കാന്‍ ബിജെപി വാ​ഗ്ദാനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

റാഞ്ചി> ജാർഖണ്ഡിലെ ജെഎംഎം–-ആർജെഡി–-കോൺഗ്രസ്‌ സഖ്യസർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോ എംഎൽഎയ്ക്കും 10 കോടി രൂപയും മന്ത്രിസ്ഥാനവും  വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ സർമ്മയ്ക്കാണ് ജാർഖണ്ഡ് പിടിക്കാനുള്ള നീക്കത്തിന്റെ ചുമതല. പണവുമായി ജാർഖണ്ഡിലെ മൂന്ന് കോൺ​ഗ്രസ് എംഎൽഎമാർ പിടിയിലായതിന് പിന്നാലെയാണ്  പ്രമുഖ കോണ്‍​ഗ്രസ് നേതാവും മന്ത്രിയുമായ ആലംഗീർ ആലവും മറ്റ് ചില നേതാക്കളും അട്ടിമറി നീക്കം വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍  സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മറ്റൊരു കോൺ​ഗ്രസ് എംഎൽഎ കുമാർ ജയമംഗൾ സിങ് വെളിപ്പെടുത്തി

."കൊൽക്കത്തയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൂറുമാറാൻ 10 കോടിരൂപയും ആരോ​ഗ്യമന്ത്രി സ്ഥാനവും വാ​ഗ്ദാനം ചെയ്തു. ഹിമന്ത ബിശ്വ സർമ്മയുമായി കൂടിക്കാഴ്ച നടത്താൻ അവിടെനിന്ന്  ഗുവാഹത്തിയിലേക്ക് പോകാനായിരുന്നു പദ്ധതി'. 

കുമാർ ജയമംഗൾ വെളിപ്പെടുത്തി. പണം  നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിന്  കുമാർ ജയമംഗൾ പൊലീസില്‍ പരാതി നല്‍കി.  ജാർഖണ്ഡിലെ 81 അംഗ സഭയിൽ ജെഎംഎം 30, കോൺഗ്രസ്‌ 16, ആർജെഡി ഒന്ന്‌, ബിജെപി 25 എന്നിങ്ങനെയാണ് കക്ഷിനില. ഖനന ലൈസൻസ്‌ അഴിമതിക്കേസില്‍ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ രാഷ്‌ട്രീയമായി സ്വാധീനിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

മൂന്ന് എംഎൽഎമാരെയും സസ്പെൻഡ് ചെയ്തു
പണവുമായി അറസ്റ്റിലായ എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമൻ ബിക്സൽ കോംഗാരി എന്നിവരെ കോൺ​ഗ്രസിൽനിന്ന് പുറത്താക്കി.  അന്വേഷണം  സിഐഡി ഏറ്റെടുത്തു. 50 ലക്ഷമാണ്  കാറിൽനിന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top