27 April Saturday
എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ 
കൂട്ടത്തോടെ അറസ്‌റ്റുചെയ്‌തു

ജാമിയയില്‍ സംഘര്‍ഷം; വിദ്യാര്‍ഥിവേ‌ട്ട, പരീക്ഷയെഴുതാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക്‌ വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ജാമിയ മിലിയയിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ച എസ്‌എഫ്‌ഐ വിദ്യാർഥികളെ വേട്ടയാടി ഡൽഹി പൊലീസ്. പ്രവര്‍ത്തകരെ  കൂട്ടത്തോടെ അറസ്‌റ്റുചെയ്‌തു. യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർഥികളെ പൊലീസ്‌ ബലമായി നീക്കി. ജാമിയയുടെ ഏഴാം ഗേറ്റിൽ ബുധൻ വൈകിട്ട്‌ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന്‌ എസ്‌എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. രാവിലെ തന്നെ നൂറുകണക്കിന്‌ സായുധ പൊലീസുകാരും കേന്ദ്ര സേനാംഗങ്ങളും ക്യാമ്പസ്‌ വളഞ്ഞു.

സർവകലാശാല അധികൃതരുടെ നിർദേശത്തെ തുടർന്ന്‌ ഗാർഡുകൾ ക്യാമ്പസിൽനിന്ന്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ പുറത്തേക്ക്‌ തള്ളി.തുടർന്നാണ്‌ പൊലീസ്‌ വിദ്യാർഥികളെ കസ്‌റ്റഡിയിലെടുത്തത്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി അസീസ്‌ ഷെറീഫ്‌, സൗത്ത്‌ ഡൽഹി ഏരിയ വൈസ്‌പ്രസിഡന്റും ജാമിയ വിദ്യാർഥിയുമായ നിവേദ്യ, യൂണിറ്റ്‌ അംഗങ്ങളായ അഭിറാം, തേജസ്‌, ജാമിയ വിദ്യാർഥികളായ ആദം, ശിവ തുടങ്ങിയവരെ പൊലീസ്‌ വലിച്ചിഴച്ച്‌ വാഹനത്തിൽ കയറ്റി. ഗാർഡുകളും വിദ്യാർഥികളെ കൈയേറ്റം ചെയ്യുകയും ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും ചെയ്‌തു. അതിക്രമം റെക്കോഡ്‌ ചെയ്‌ത നിവേദ്യയുടെ ഫോണും പൊലീസ്‌ പിടിച്ചുവാങ്ങി.

കൂടുതൽ എസ്‌എഫ്‌ഐ പ്രവർത്തകരും മറ്റ്‌ വിദ്യാർഥി സംഘടനാ പ്രവർത്തകരും പ്രതിഷേധവുമായി ക്യാമ്പസിലേക്ക്‌ എത്തി. ഇവരെയും പൊലീസ്‌ ബലമായി നീക്കി. വിദ്യാർഥികൾ കൂട്ടംകൂടുന്നതിന്‌ അനുവാദമില്ലെന്നും ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർവകലാശാല അധികൃതർ നോട്ടീസിൽ അറിയിച്ചു. എന്നാൽ, ഭീഷണികൾ അവഗണിച്ചാണ്‌ വിദ്യാർഥികൾ അറസ്‌റ്റിനെതിരായി പ്രതിഷേധിച്ചത്‌. നിവേദ്യയെ മാത്രം വിട്ടയച്ച പൊലീസ്‌ രാത്രി വൈകിയും മറ്റ്‌ വിദ്യാർഥി നേതാക്കളെ കസ്‌റ്റഡിയിൽ വച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം ജെഎൻയുവിലും ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമം നടന്നിരുന്നു. അധികൃതർ വൈദ്യുതി വിച്‌ഛേദിച്ചു. എന്നാൽ വിദ്യാർഥികൾ മൊബൈലുകളിലും ലാപ്‌ടോപ്പുകളിലുമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വിദ്യാർഥികൾക്ക്‌ നേരെ എബിവിപി പ്രവർത്തകർ കല്ലേറ് നടത്തി. അക്രമം നടത്താൻ ശ്രമിച്ച എബിവിപിക്കാരെ വിദ്യാർഥികൾ തടഞ്ഞുവച്ചു. ഇവരെ അറസ്‌റ്റുചെയ്യാൻ പൊലീസിനോട്‌ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top