24 April Wednesday

ജഹാംഗിർപുരി കലാപം; വിഎച്ച്പിയെ വെള്ളപൂശി ഡല്‍ഹി പൊലീസ്

സ്വന്തം ലേഖകൻUpdated: Sunday Jul 31, 2022

ന്യൂഡൽഹി > വടക്ക്‌ പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരി കലാപത്തിൽ വിഎച്ച്‌പി, ബംജ്‌റംഗദൾ സംഘടനകളെ വെള്ളപൂശി ഡൽഹി പൊലീസിന്റെ കുറ്റപത്രം. സംഘപരിവാർ സംഘടനകൾ നടത്തിയ ശോഭായാത്രയിൽ പങ്കെടുത്തവരുടെ കൈയിൽ തോക്കും വാളും മാരകായുധങ്ങളുമുണ്ടായിരുന്നെങ്കിലും ‘സമാധാനപരമായിരുന്നു’വെന്നാണ്‌ 2063 പേജുള്ള കുറ്റപത്രം പറയുന്നത്‌.

എതിർവിഭാഗമാണ്‌ ആദ്യം ആക്രമണം നടത്തിയതെന്നും ആരോപിക്കുന്നു. മെയ്‌ 14ന്‌ സമർപ്പിച്ച കുറ്റപത്രം ഡൽഹി രോഹിണി ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ ദീപിക സിങ്‌ വെള്ളിയാഴ്‌ച പരിഗണിച്ചു. ആഗസ്‌ത്‌ ആറിന്‌ പ്രതികളെ ഹാജരാക്കും. 37 പ്രതികൾ പിടിയിലായി. എട്ടുപേരെ പിടികൂടിയിട്ടില്ല. പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികൾക്കായി പ്രത്യേക കുറ്റപത്രം സമർപ്പിക്കും.
ശോഭായാത്രയിൽ പങ്കെടുത്തവർ മുസ്ലിംപള്ളിക്കുനേരെ ആക്രമണം നടത്തിയതോടെയാണ്‌ സംഘർഷമുണ്ടായതെന്ന വാദം പൊലീസ്‌ നിഷേധിച്ചു.

സി ബ്ലോക്കിലെത്തിയ ശോഭായാത്രയെ അൻസാർ, തബ്രീസ് അൻസാരി എന്നീ പ്രതികളുടെ നേതൃത്വത്തിൽ ആക്രമിച്ചു. അൻസാരിയുടെ അച്ഛന്റെ മരണാനന്തര ചടങ്ങ്‌ നടക്കുകയായിരുന്നു. ചടങ്ങിനെത്തിയവർ ഗൂഢാലോചന നടത്തി.
വാട്‌സാപ്‌ സന്ദേശങ്ങളുണ്ടെന്നും പൊലീസ്‌ കുറ്റപത്രത്തിൽ അവകാശപ്പെട്ടു. അതേസമയം, അൻസാറിന്റെ ബിജെപി ബന്ധം പുറത്തായിരുന്നു. കലാപം ബിജെപി ആസൂത്രണം ചെയ്‌തതാണെന്ന ആരോപണവും ശക്തമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top