24 April Wednesday

മതേതര കൂട്ടായ്‌മയിലൂടെ 
ജനാധിപത്യമുന്നേറ്റം ഉണ്ടാക്കണം ; മുസ്ലിംലീഗ്‌ പ്ലാറ്റിനം ജൂബിലി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


ചെന്നൈ
ഫാസിസത്തെ വകഞ്ഞുമാറ്റാൻ മതേതര കൂട്ടായ്മയിലൂടെ ജനാധിപത്യ മുന്നേറ്റം തീർക്കണമെന്ന്‌ ആഹ്വാനം ചെയ്ത്‌  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ പ്ലാറ്റിനം ജൂബിലി സമ്മേളനം.  ചെന്നൈ കൊട്ടിവാക്കം വൈഎംസിഎ ഗ്രൗണ്ടിൽ ചേർന്ന പൊതുസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായി. ഗ്രീൻഗാർഡ് പരേഡിന് ശേഷം നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് പൊളിറ്റിക്കൽ അഫേഴ്‌സ് കമ്മിറ്റി ചെയർമാനും കേരള സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി  ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദർ മൊയ്തീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽവഹാബ് , എം പി അബ്ദുസമദ് സമദാനി തുടങ്ങിയവർ സംസാരിച്ചു.

വൈവിധ്യം തകർക്കരുത്: സാദിഖലി തങ്ങൾ
മതേതരത്വമാണ് രാജ്യത്തിന്റെ അടിത്തറയെന്നും വൈവിധ്യങ്ങളുടെ പൂങ്കാവനത്തെ ഏകതയുടെ ശിലകൊണ്ട് തകർക്കരുതെന്നും  പാണക്കാട്  സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത മതേതരത്വമാണ്. വിവിധ സംസ്‌കാരങ്ങളുടെ പറുദീസയാണ് ഇന്ത്യ.  എന്നാല്‍, തമിഴും മലയാളവും കന്നഡയും ഉർദുവുമെല്ലാം ഇല്ലാതാക്കാനും ഹിന്ദി അടിച്ചേൽപ്പിക്കാനുമാണ് അണിയറയിൽ ശ്രമം.  ഒരൊറ്റ നിറത്തിലെ പുഷ്പം മതിയെന്ന് തീരുമാനിച്ചാൽ പൂന്തോട്ടം നശിപ്പിക്കാനായേക്കാം, വസന്തത്തെ തടഞ്ഞുനിർത്താനാവില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top