20 April Saturday

രാമക്ഷേത്ര പ്രചാരണത്തിന്‌ ഐആർസിടിസി ; സംഘപരിവാർ ശ്രമത്തിന്‌ കൊടിപിടിച്ച്‌ ഇന്ത്യൻ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023


ന്യൂഡൽഹി
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം അജൻഡയാക്കി നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്‌ കൊടിപിടിച്ച്‌ ഇന്ത്യൻ റെയിൽവേയും. ശ്രീ രാം ജാനകി യാത്രയെന്ന പേരിൽ ഡൽഹിയിൽനിന്ന്‌ അയോധ്യയിലേക്കും ജനക്‌പ്പുരിലേക്കും പ്രത്യേക ടൂർ പാക്കേജിന്‌ ഐആർസിടിസി തുടക്കമിട്ടു.

അയോധ്യ, നന്ദിഗ്രാം, ജനക്‌പ്പുർ, സീതാമഢി, വാരാണസി, പ്രയാഗ്‌രാജ്‌ എന്നിവിടങ്ങൾ സന്ദർശിച്ച്‌ ഡൽഹിയിൽ തിരികെയെത്തുംവിധമാണ്‌ ഐആർസിടിസിയുടെ ശ്രീ രാം ജാനകി യാത്ര. ആറ്‌ രാത്രിയും ഏഴ്‌ പകലുമുള്ള ആദ്യയാത്ര ഫെബ്രുവരി 17നാണ്‌. ഭാരത്‌ ഗൗരവ്‌ എസി ടൂറിസ്‌റ്റ്‌ ട്രെയിനിലാണ്‌ യാത്ര. യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയടക്കം ഏറ്റവും കുറഞ്ഞ പാക്കേജ്‌ നാൽപ്പതിനായിരം രൂപയ്‌ക്കടുത്താണ്‌. സസ്യാഹാരം മാത്രമേ ഉള്ളൂ.

അയോധ്യയിൽ പുതുതായി നിർമിക്കുന്ന രാമക്ഷേത്രം, ഹനുമാൻഗഢി ക്ഷേത്രം, സരയൂഘാട്ട്‌ എന്നിവിടങ്ങൾ സന്ദർശിക്കാം.  രാമായണ ഭക്തർക്ക്‌ പരമമായ ആത്മശുദ്ധിക്കുള്ള അവസരമെന്നാണ്‌ ഐആർസിടിസി യാത്രയെ വിശേഷിപ്പിക്കുന്നത്‌. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ കാണാനും പുണ്യവിഗ്രഹങ്ങൾ കണ്ടുവണങ്ങാനും യാത്ര അവസരമൊരുക്കുമെന്ന്‌ പ്രത്യേകമായി പറയുന്നു. പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാമക്ഷേത്രത്തന്‌ പരമാവധി പ്രചാരണം നൽകുകയെന്ന ലക്ഷ്യത്തോടെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാൻ ക്ഷേത്രം ട്രസ്‌റ്റ്‌ തീരുമാനിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top