25 April Thursday

പിഎഫ്‌ പലിശ വീണ്ടും കുറയ്ക്കാന്‍ നീക്കം

സ്വന്തം ലേഖകൻUpdated: Tuesday Mar 7, 2023

ന്യൂഡൽഹി> പിഎഫ്‌ നിക്ഷേപത്തിന്റെ 2022–-23 വർഷത്തെ പലിശനിരക്ക്‌ നിശ്ചയിക്കുന്നതിനായി ഇപിഎഫ്‌ഒയുടെ കേന്ദ്ര ട്രസ്റ്റി ബോർഡ്‌ യോഗം മാർച്ച്‌ 25നും -26നും ചേരും. പലിശനിരക്ക്‌ നിലവിലെ 8.1 ശതമാനമായിത്തന്നെ നിലനിർത്തുകയോ എട്ട്‌ ശതമാനത്തിലേക്ക്‌ കുറയ്‌ക്കുകയോ ചെയ്യാനാണ്‌ സാധ്യതയെന്ന്‌ ഒരു ദേശീയ ദിനപത്രം റിപ്പോർട്ട്‌ ചെയ്‌തു.

പിഎഫ്‌ നിധിയിലെ പണത്തിന്റെ വിവിധ നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം കണക്കാക്കിയാണ്‌ ട്രസ്റ്റി ബോർഡ്‌ ഓരോ വർഷത്തെയും പലിശനിരക്ക്‌ തീരുമാനിക്കുന്നത്‌. ഇത്‌ പിന്നീട്‌ ധനമന്ത്രാലയംകൂടി അംഗീകരിക്കണം. പിഎഫ്‌ നിക്ഷേപത്തിൽനിന്ന്‌ മോശമല്ലാത്ത വരുമാനം ഈ വർഷം ലഭിച്ചിട്ടുണ്ടെന്നാണ്‌ പിഎഫ്‌ വൃത്തങ്ങൾ അറിയിക്കുന്നത്‌. അതുകൊണ്ടാണ്‌ പലിശനിരക്ക്‌ മാറ്റമില്ലാതെ തുടരാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നതെന്നും പിഎഫ്‌ വൃത്തങ്ങൾ പറയുന്നു.

പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള നിർദേശത്തോട്‌ ട്രസ്റ്റി ബോർഡിലെ ട്രേഡ്‌ യൂണിയൻ പ്രതിനിധികൾ യോജിക്കാനിടയില്ല. പ്രത്യേകിച്ച്‌ ബാങ്കുകളിലെ സ്ഥിരനിക്ഷേപ പലിശനിരക്കുകൾ ഏഴര ശതമാനംവരെയായി ഉയർന്നതിനാൽ. മോദി സർക്കാർ വന്ന ഘട്ടത്തിൽ 8.8 ശതമാനമായിരുന്നു പിഎഫ്‌ പലിശനിരക്ക്‌. തുടർന്ന്‌ പല ഘട്ടങ്ങളിലായി വെട്ടിക്കുറച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 8.1 ശതമാനമായി. പിഎഫ്‌ നിക്ഷേപത്തിന്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ്‌ നിലവിൽ.

ബാങ്ക്‌ പലിശനിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ പിഎഫ്‌ പലിശനിരക്കും ഉയർത്തണമെന്ന ആവശ്യം ശക്തമാണ്‌. എന്നാൽ, ഓഹരി വിപണിയിലെയും മറ്റും പിഎഫ്‌ നിക്ഷേപത്തിന്റെ വരുമാനം കണക്കാക്കിയാകും പലിശനിരക്ക്‌ തീരുമാനിക്കുകയെന്ന നിലപാടിലാണ്‌ ഇപിഎഫ്‌ഒ. ആകെ പിഎഫ്‌ നിക്ഷേപത്തിന്റെ 15 ശതമാനംവരെയാണ്‌ നിലവിൽ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top