26 April Friday

പിടിവിട്ട്‌ വിലക്കയറ്റം ; 17 വർഷത്തെ ഉയർന്ന നിരക്കിൽ പണപ്പെരുപ്പം , 13 മാസമായി രണ്ടക്കനിരക്കിൽ

പ്രത്യേക ലേഖകൻUpdated: Tuesday May 17, 2022


ന്യൂഡൽഹി
രാജ്യത്ത്‌ മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഏപ്രിലിൽ 15.08 ശതമാനം രേഖപ്പെടുത്തിയെന്ന്‌ കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യവസ്‌തുമുതൽ സർവമേഖലകളിലും 13 മാസമായി പണപ്പെരുപ്പം രണ്ടക്കനിരക്കിലാണ്‌.

ചില്ലറവിൽപ്പന വിപണിയിൽ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തിലും. റഷ്യ– -ഉക്രയ്‌ൻ യുദ്ധമാണ്‌ കാരണമെന്നാണ്‌ കേന്ദ്രം വാദിക്കുന്നത്‌. എന്നാൽ, ഉയർന്ന ഇന്ധനവിലയെത്തുടർന്ന്‌ രണ്ടു വർഷമായി രാജ്യത്തെ സ്ഥിതി വഷളാണ്‌. 2020 നവംബറിൽ മൊത്തവിപണി വിലക്കയറ്റം 2.29 ശതമാനമായിരുന്നു. 2021 ഏപ്രിലാകുമ്പോഴത്‌ 10.74 ആയി.

അടിസ്ഥാനലോഹങ്ങൾ, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ധാതുഎണ്ണ, ഭക്ഷ്യവസ്‌തു, ഉപഭോക്‌തൃ വസ്‌തു, രാസവസ്‌തു എന്നിങ്ങനെ എല്ലാ മേഖലയിലും ഏപ്രിലിൽ വിലക്കയറ്റം പിടിവിട്ട്‌ മുന്നോട്ടുപോയെന്ന്‌ കേന്ദ്രംതന്നെ സമ്മതിച്ചിട്ടുണ്ട്‌. ഇന്ധന–-ഊർജ മേഖലയിൽ പണപ്പെരുപ്പം 38.66 ശതമാനമാണ്‌. പച്ചക്കറി, ഗോതമ്പ്‌, പഴം, പാചകഎണ്ണ എന്നിവയുടെ വില വർധിച്ചതിനെത്തുടർന്ന്‌ ഭക്ഷ്യമേഖലയിൽ പണപ്പെരുപ്പം 8.35 ശതമാനമായി.

പണപ്പെരുപ്പം നിയന്ത്രണാതീതമായ സാഹചര്യത്തിൽ റിസർവ്‌ബാങ്ക്‌ ഈ മാസം റിപ്പോനിരക്ക്‌ 0.40 ശതമാനം വർധിപ്പിച്ചു. അടുത്ത ദ്വൈമാസ യോഗത്തിലും റിപ്പോനിരക്ക്‌ വർധിപ്പിച്ചേക്കും. വിപണിയിൽ പണലഭ്യത കുറച്ച്‌ പണപ്പെരുപ്പം നിയന്ത്രിക്കാനാണ്‌ റിസർവ്‌ബാങ്കിന്റെ ശ്രമം. കേന്ദ്ര സർക്കാർ കുറഞ്ഞ റിപ്പോനിരക്ക്‌ പ്രതീക്ഷിച്ചാണ്‌ മുന്നോട്ടുപോയത്‌. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നതും കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു.

എന്താണ്‌ 
പണപ്പെരുപ്പം
വിലക്കയറ്റം കുതിക്കുകയും പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്ന അവസ്ഥയാണ്‌ നിയന്ത്രണാതീതമായ പണപ്പെരുപ്പം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top