26 April Friday

കുറ്റപത്രം ദുര്‍ബലമായാല്‍ ശക്തമായ പ്രക്ഷോഭം ; ഗുസ്‌തി താരങ്ങളുടെ മുന്നറിയിപ്പ്‌

റിതിൻ പൗലോസ്‌Updated: Friday Jun 9, 2023


ന്യൂഡൽഹി
ലൈം​ഗികാതിക്രമകേസില്‍ ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരായ കുറ്റപത്രം ദുർബലമാണെങ്കില്‍ കർഷക സംഘടനകളുമായി ചേർന്ന്‌ ഡൽഹിയിൽ ശക്തമായ പ്രക്ഷോഭമുയര്‍ത്തുമെന്ന് ഗുസ്‌തി താരങ്ങളുമായി അടുത്ത വൃത്തങ്ങൾ. താരങ്ങൾക്കൊപ്പം  പ്രക്ഷോഭത്തിനിറങ്ങുമെന്ന്‌ സംയുക്ത കിസാൻ മോർച്ച അറിയിച്ചു. 15നകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ബ്രിജ്‌ഭൂഷന്റെ അറസ്റ്റ്‌ ഒഴിവാക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി തിരിത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പരാതി പിൻവലിച്ചിട്ടില്ലെന്ന്‌ പെൺകുട്ടിയുടെ പിതാവ്‌ ആവർത്തിച്ചു.

പ്രത്യേക അന്വേഷക സംഘം രണ്ടുകേസിലുമായി 208 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. യുപി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ചെന്നാണ്‌ മൊഴിയെടുത്തത്‌.  ഡൽഹിയിലെ വസതിയിൽ വച്ച്‌  അതിക്രമം നടന്നെന്ന്‌ ഏഴുപേരും പരാതിയിൽ വെളിപ്പെടുത്തി. എന്നാൽ, പരാതിയിൽ പറയുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസിന്‌ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന സംശയം ബലപ്പെട്ടു. ബ്രിജ്‌ഭൂഷണിന്റെ ഫോണ്‍ ചാറ്റുകൾ വീണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ വെള്ളിയാഴ്‌ച കോടതിയിൽ നൽകുന്ന തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയേക്കും.

താരങ്ങൾക്ക്‌ പിന്തുണയേറി
ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയറിയിച്ച്‌  വിവിധ രാജ്യങ്ങളിലെ പാർലമെന്റംഗങ്ങളും അക്കാദമിക്‌ വിഗദ്‌ധരും വ്യാഴാഴ്‌ച സംയുക്ത പ്രസ്‌താവന പുറത്തിറക്കി. സമരം ചെയ്യുന്നവരെ ശിക്ഷിച്ച്‌,  ഭരണവർഗത്തെ സംരക്ഷിക്കുന്ന  നയമാണ്‌ ഇന്ത്യൻ സർക്കാരിന്റേതെന്ന്‌ പ്രസ്‌താവന ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് എംപി സാറ സുൽത്താന, ഫിൻലൻഡ്‌ എംപി മായ് കിവേല, അർജന്റീനയിലെ വനിത വകുപ്പ്‌ മുൻമന്ത്രി എലിസബത്ത് ഗോമസ് അൽകോർട്ട, പെറു മുൻ മന്ത്രി അനയ്‌ ഡ്യൂറൻഡ്, ചിലിയൻ  ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം കരോൾ കരിയോള തുടങ്ങിയര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top