25 April Thursday

യാത്രക്കാരെ പിഴിഞ്ഞ് റെയില്‍വേ; വരുമാനം കൂടിയത്‌ 61 ശതമാനം

എം പ്രശാന്ത്‌Updated: Monday Jun 5, 2023

ന്യൂഡൽഹി> സിഗ്‌നലിങ്‌ അടക്കം സുരക്ഷാസംവിധാനങ്ങൾക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ച റെയിൽവേ സാധാരണക്കാരായ യാത്രക്കാരെ പിഴിഞ്ഞുനേടിയത്‌ സഹസ്രകോടികൾ. യാത്രാവരുമാനത്തിൽ 2022–-23 സാമ്പത്തികവർഷത്തിൽ 61 ശതമാനം വർധനയുണ്ടായി.
2020ലെ യാത്രാനിരക്ക്‌ വർധന, 2016 മുതൽ നടപ്പാക്കിയ ഫ്‌ളെക്‌സി ടിക്കറ്റ്‌ നിരക്ക്‌, തൽക്കാൽ പ്രീമിയം, വയോജനങ്ങൾക്കുള്ള നിരക്ക്‌ ഇളവ്‌ പിൻവലിക്കൽ, ക്യാൻസലേഷൻ നിരക്കുകളിൽ വരുത്തിയ വർധന എന്നിങ്ങനെ യാത്രക്കാരെ പിഴിയാനുള്ള ഒരു മാർഗവും വിട്ടില്ല.
മുൻവർഷത്തേക്കാൾ 25 ശതമാനം അധികം. ചരക്കുവരുമാനം 1.62 ലക്ഷം കോടിയും യാത്രാവരുമാനം 63300 കോടിയുമാണ്‌. ചരക്കുവരുമാനത്തിൽ 15 ശതമാനം മാത്രമാണ്‌ വർധന. 2021–-22ലെ 39,214 കോടിയിൽനിന്നാണ്‌ യാത്രാവരുമാനം 63,300 കോടിയിൽ എത്തിയത്‌.

ആകെ ബെർത്തിൽ 10 ശതമാനം വീതം ടിക്കറ്റ്‌ വിൽപ്പന പൂർത്തിയാകുമ്പോൾ നിരക്കുകളിൽ 10 ശതമാനം വീതം വർധന വരുന്നതാണ്‌ മോദി സർക്കാർ നടപ്പാക്കിയ ഫ്‌ളെക്സി സമ്പ്രദായം. ശരാശരി മൂന്ന്‌ കോടിയാണ്‌ ഫ്‌ളെക്‌സി ഇനത്തിലെ പ്രതിദിന വരുമാനം. മുതിർന്ന പൗരർക്കുള്ള യാത്രാഇളവ്‌ റദ്ദാക്കിയതിലൂടെ മാത്രം 2022–-23ൽ 2242 കോടി രൂപ ലഭിച്ചു.

ക്യാൻസലേഷൻ നിരക്കിലൂടെയും വെയ്റ്റിങ്‌ ലിസ്‌റ്റായ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാത്തതിലൂടെയും 2019–- 2022ൽ കിട്ടിയത്‌ 10,404 കോടി. ഈയിനത്തിൽ പ്രതിദിന ശരാശരി വരുമാനം 7.12 കോടി. ഓൺലൈൻ ബുക്കിങ്ങിനുള്ള അധികഫീസായി കഴിഞ്ഞ വർഷം 600 കോടിയിലേറെ ലഭിച്ചു.മോദി അധികാരത്തിലെത്തിയതിന്‌ പിന്നാലെ 2014 ജൂണിൽ നിരക്കുകൾ 14.1 ശതമാനം വർധിപ്പിച്ചിരുന്നു. 2020 ജനുവരിയിൽ വിവിധ ക്ലാസുകൾക്ക്‌ കിലോമീറ്ററിന്‌ ഒന്നുമുതൽ നാലുപൈസവരെ വർധിപ്പിച്ചു.

റെയിൽസുരക്ഷാ നിധി പകുതിയിലേറെ കുറച്ചു


ന്യൂഡൽഹി
യാത്രക്കാരെ പിഴിഞ്ഞ്‌ വരുമാനത്തിൽ 61 ശതമാനം നേട്ടമുണ്ടാക്കിയ റെയിൽവേ സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള  രാഷ്ട്രീയ റെയിൽസുരക്ഷാ നിധിയുടെ വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. 2017 മുതലുള്ള അഞ്ചുവർഷത്തേക്ക്‌ ലക്ഷം കോടി രൂപ നിധിയിലേക്ക്‌ നീക്കിവച്ചിരുന്നു. എന്നാൽ 2022 മുതലുള്ള അഞ്ചുവർഷത്തേക്കുള്ള വകയിരുത്തൽ 45,000 കോടി രൂപ മാത്രം. അമ്പത്‌ ശതമാനത്തിലേറെയാണ്‌ കുറവ്‌.
പ്രതിവർഷം 15,000 കോടി രൂപ സർക്കാരും 5000 കോടി രൂപ റെയിൽവേയുടെ ആഭ്യന്തര സ്രോതസ്സുകളിൽനിന്നും നീക്കിവയ്‌ക്കുമെന്നാണ്‌ 2017ലെ റെയിൽവേ ബജറ്റിൽ പറഞ്ഞത്‌. അതുപ്രകാരമുള്ള തുക ഒരു ഘട്ടത്തിലും നിധിയിലേക്ക്‌ എത്തിയില്ല.

2022ൽ പുതുക്കിയപ്പോഴാണ്‌ അടുത്ത അഞ്ചുവർഷത്തേക്കുള്ള വിഹിതം 45,000 കോടിയായി ചുരുക്കിയത്‌. നടപ്പുവർഷം ബജറ്റിൽ വകയിരുത്തിയത് 11,000 കോടി രൂപ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top