ഇന്ത്യയുടെ 16–-ാമത് രാഷ്‌ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിമാരായി എൻഡിഎ ദ്രൗപദി മുർമുവിനെയും പ്രതിപക്ഷം യശ്വന്ത് സിൻഹയെയും പ്രഖ്യാപിച്ചതോടെ വാശിയേറിയ മത്സരത്തിന് കളമൊരുങ്ങി. 1977ൽ മാത്രമാണ് മത്സരമില്ലാതെ രാഷ്‌ട്രപതിയെ തെരഞ്ഞെടുത്തത്. ഇലക്ടറൽ കോളേജാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുക. രാജ്യസഭ, ലോക്‌സഭാ അംഗങ്ങളും എല്ലാ സംസ്ഥാനത്തിലെയും ഡൽഹി, പോണ്ടിച്ചേരി നിയമസഭകളിലെ അംഗങ്ങളും ഉൾപ്പെട്ടതാണ് ഇലക്ടറൽ കോളേജ്. ഇലക്ടറൽ കോളേജിൽ 4809 വോട്ടർമാർ. ആകെ മൂല്യം 10,86,431.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഫലങ്ങൾ
●1952
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ രാജേന്ദ്രപ്രസാദ് വിജയിച്ചു. ഇടതുപപക്ഷം കെ ടി ഷായെ മത്സരിപ്പിച്ചു. മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും ഉണ്ടായിരുന്നു. വോട്ട് മൂല്യം: രാജേന്ദ്ര പ്രസാദ്: 5,07,400. കെ ടി ഷാ: 92,827.
●1957
കോൺഗ്രസ് സ്ഥാനാർഥി എസ് രാജേന്ദ്രപ്രസാദ് ജയിച്ചു. രാജേന്ദ്രപ്രസാദ്: 4,59,698. ചൗധരി ഹരിറാം: 2,672. നാഗേന്ദ്ര നാരായൺദാസ്: 2,000.
●1962
കോൺഗ്രസ് സ്ഥാനാർഥിയായ ഉപരാഷ്‌ട്രപതി എസ് രാധാകൃഷ്ണൻ വിജയിച്ചു. എതിരാളി ചൗധരി ഹരിറാം. എസ് രാധാകൃഷ്ണൻ: 5,53,067. ചൗധരി ഹരിറാം: 6,341. യമുന പ്രസാദ് ത്രിശ്‌ലിയ–-3537
●1967
അന്നത്തെ ഉപരാഷ്ട്രപതി സക്കീർ ഹുസൈനെ കോൺഗ്രസ് നിർദേശിച്ചു. പ്രതിപക്ഷ സ്ഥാനാർഥി മുൻ ചീഫ് ജസ്റ്റിസ് കോട്ട സുബ്ബറാവു. സക്കീർ ഹുസൈൻ ജയിച്ചു. സക്കീർ ഹുസൈൻ: 4,71,244. കോട്ട സുബ്ബറാവു: 3,63,971
●1969
വാശിയേറിയ മത്സരമാണ് നടന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നോമിനിയായ വി വി ഗിരി വിജയിച്ചു. കോൺഗ്രസിലെ ആഭ്യന്തരകലഹത്തിന്റെ പ്രതിഫലനമായിരുന്നു അത്. സക്കീർ ഹുസൈന്റെ മരണത്തെത്തുടർന്ന് രാഷ്ടപതിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഉപരാഷ്‌ട്രപതി വി വി ഗിരി സ്ഥാനങ്ങളെല്ലാം രാജിവച്ച് മത്സരിച്ചു. നീലംസഞ്ജീവ റെഡ്ഡി കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. ജനസംഘിന്റെയും സ്വതന്ത്ര പാർടിയുടെയും സ്ഥാനാർഥി സി ഡി ദേശ്‌മുഖ്. ഇന്ദിര വി വി ഗിരിക്ക് പിന്തുണ നൽകി. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന 12ൽ 11 സംസ്ഥാനത്തും ഗിരി നേട്ടമുണ്ടാക്കി.
വി വി ഗിരി: 4,01,515. നീലംസഞ്ജീവ റെഡ്ഡി : 3,13,548. സി ഡി ദേശ്‌മുഖ്: 1,12,769.
●1974
അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഫക്രുദ്ദീൻ അലി ജയിച്ചു. ആർഎസ്‌പി സ്ഥാപകാംഗമായ ത്രിദിബ് ചൗധരിയായിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. ഫക്രുദ്ദീൻ അലി: 7,65,587. ത്രിദിബ് ചൗധരി: 1,89,196.
●1977
തെരഞ്ഞെടുപ്പ് ഫക്രുദ്ദീൻ അലിയുടെ മരണത്തെത്തുടർന്ന്. 37 നാമനിർദേശ പത്രികയിൽ 36ഉം തള്ളിപ്പോയി. കോൺഗ്രസ് സ്ഥാനാർഥി നീലംസഞ്ജീവ റെഡ്ഡി എതിരില്ലാതെ ജയിച്ചു.
●1982
കോൺഗ്രസിന്റെ ഗ്യാനി സെയിൽ സിങ്ങിനെതിരെ ഒമ്പത് പ്രതിപക്ഷ പാർടിയുടെ സംയുക്ത സ്ഥാനാർഥിയായി മുൻ സുപ്രീംകോടതി ജഡ്‌ജി എച്ച് ആർ ഖന്ന മത്സരിച്ചു. സെയിൽ സിങ് വിജയിച്ചു. സെയിൽ സിങ്:7,54,113. എച്ച് ആർ ഖന്ന: 2,82,685.
●1987
ഉപ രാഷ്‌ട്രപതി ആർ വെങ്കിട്ടരാമൻ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. ഇടതുപാർടികൾ പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ സ്ഥാനാർഥിയാക്കി. വെങ്കിട്ടരാമൻ: 7,40,148. വി ആർ കൃഷ്ണയ്യർ: 2,81,550.
●1992
കോൺഗ്രസിന്റെ ശങ്കർദയാൽ ശർമ വിജയിച്ചു. മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ജോർജ് ഗിൽബർട്ട് സ്വെല്ലായിരുന്നു എതിർ സ്ഥാനാർഥി. ശങ്കർദയാൽ ശർമ: 6,75,804. ജോർജ് ഗിൽബർട്ട് സ്വെൽ: 3,46,485.
●1997
ഭരണകക്ഷിയായ യുണൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥി കെ ആർ നാരായണൻ. കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ പാർടികളും പിന്തുണച്ചു. ശിവസേനയും ചില സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ മുൻ തെരഞ്ഞെടുപ്പുകമീഷണറായിരുന്ന ടി എൻ ശേഷൻ മത്സരിച്ചു. അദ്ദേഹത്തിന് കെട്ടിവച്ച കാശ് നഷ്ടമായി. കെ ആർ നാരായണൻ രാജ്യത്തെ ആദ്യ ദളിത് രാഷ്‌ട്രപതിയായി. കെ ആർ നാരായണൻ: 9,56,290.
ടി എൻ ശേഷൻ: 50,361.
●2002
ബിജെപി നിർദേശിച്ച എ പി ജെ അബ്‌ദുൾ കലാമിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസടക്കമുള്ള ഭൂരിപക്ഷം പ്രതിപക്ഷ പാർടികളും തയ്യാറായി. ഇടതു പാർടികൾ ക്യാപ്‌റ്റൻ ലക്ഷ്‌മിയെ സ്ഥാനാർഥിയാക്കി. അബ്‌ദുൾ കലാം ജയിച്ചു. അബ്‌ദുൾ കലാം: 9,22,884. ക്യാപ്‌റ്റൻ ലക്ഷ്‌മി: 1,07,366.
●2007
യുപിഎയുടെയും ഇടതുപാർടികളുടെയും സ്ഥാനാർഥി പ്രതിഭ പാട്ടീൽ ജയിച്ചു. രാജ്യത്തെ ആദ്യ വനിതാ രാഷ്‌ട്രപതി. ബിജെപി പിന്തുണയിൽ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ഷെഖാവത്ത് മത്സരിച്ചു. പ്രതിഭ പാട്ടീൽ: 6,38,116. ഷെഖാവത്ത്: 3,31,306
●2012
യുപിഎ സ്ഥാനാർഥിയായി മത്സരിച്ച പ്രണബ് മുഖർജി ജയിച്ചു. എതിർ സ്ഥാനാർഥി ബിജെപിയുടെ പി എ സാങ്‌മ. പ്രണബ്: 7,13,763. സാങ്‌മ: 3,15,987.-
●2017
എൻഡിഎയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ജയിച്ചു. 65.65 ശതമാനം വോട്ട് നേടി. മുൻ ലോക്‌സഭാ സ്‌പീക്കർ മീരാകുമാർ പ്രതിപക്ഷ സ്ഥാനാർഥി.
രാംനാഥ് കോവിന്ദ്: 7,02,044.
മീരാ കുമാർ: 3,67,314
യശ്വന്ത് 27ന് പത്രിക സമർപ്പിക്കും; ദ്രൗപദി നാളെ
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായി യശ്വന്ത് സിൻഹ തിങ്കളാഴ്‌ച പത്രിക സമർപ്പിക്കും. എൻഡിഎ സ്ഥാനാർഥിയായി ദ്രൗപദി മുർമു വെള്ളിയാഴ്‌ചയും പത്രിക നൽകും. പത്രികാസമർപ്പണത്തിനുശേഷം വോട്ട് അഭ്യർഥിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് സിൻഹ പ്രസ്‌താവനയിൽ പറഞ്ഞു.
ഇത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. ആശയങ്ങളുടെ പോരാട്ടമാണ്. ഒരു ആശയഗതിയുടെ നേതാക്കൾ ഭരണഘടനയെ ഞെരിച്ചുടയ്‌ക്കുകയാണ്. ഇതിനെ എതിർക്കുന്ന ആശയഗതിക്കാർ ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും സംരക്ഷണം ആഗ്രഹിക്കുന്നവരാണ്. അവർക്കൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും സിൻഹ പറഞ്ഞു. ദ്രൗപദി മുർമുവിനെ സ്ഥാനാർഥിയാക്കിയ പശ്ചാത്തലത്തിൽ മത്സരത്തിൽനിന്ന് പിൻവാങ്ങണമെന്ന ബിജെപിയുടെ ആവശ്യം പ്രതിപക്ഷ പാർടികൾ തള്ളി. വിഘടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..