25 April Thursday

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്‌ ‌ഒറ്റസ്ഥാനാർഥി ; വിപുലമായ യോഗം ഉടനെന്ന്‌ എളമരം കരീം

എം പ്രശാന്ത്‌Updated: Thursday Jun 16, 2022


ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബുധനാഴ്‌ച ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ധാരണയായി. ശരദ് പവാർ സ്ഥാനാർഥിയാകണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം പിന്മാറി. കൂടിയാലോചനകൾക്ക്‌ പവാർ നേതൃത്വം നൽകും. പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചുള്ള പ്രമേയം യോഗം അംഗീകരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനും മതേതര ഘടനയ്‌ക്കും മോദി സർക്കാർ കൂടുതൽ നാശം വരുത്തുന്നത്‌ തടയാനും ഭരണഘടനയുടെ സംരക്ഷകനെന്ന നിലയിൽ പ്രവർത്തിക്കാനുമാകുന്ന പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കും. ഗോപാൽകൃഷ്‌ണ ഗാന്ധി, ഫാറൂഖ്‌ അബ്‌ദുള്ള തുടങ്ങിയ പേരുകൾ യോഗത്തിൽ ഉയർന്നു, അന്തിമമായി തീരുമാനമായില്ല. ഗുലാംനബി ആസാദ്‌, യശ്വന്ത്‌ സിൻഹ തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്‌.
പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്തുള്ള വിപുലമായ യോഗം ചേരും.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുൻകൈയെടുത്ത്‌ വിളിച്ചുചേർത്ത യോഗത്തിൽ ടിആർഎസ്‌, എഎപി, ബിജെഡി, വൈഎസ്‌ആർസിപി എന്നീ പാർടികൾ പങ്കെടുത്തില്ല. കോൺഗ്രസും ഇടതുപക്ഷ പാർടികളും ഡിഎംകെ, എൻസിപി, ആർജെഡി, എസ്‌പി, ആർഎൽഡി, ജെഡിഎസ്‌, എൻസി, പിഡിപി, ആർഎസ്‌പി, മുസ്ലിംലീഗ്‌ തുടങ്ങിയ പാർടികളും പങ്കെടുത്തു. മമത ഏകപക്ഷീയമായി യോഗം വിളിച്ചതിൽ പല രാഷ്ട്രീയ പാർടികളും അതൃപ്‌തി അറിയിച്ചു. കോൺഗ്രസ്‌ ഉള്ളതിനാലാണ്‌ പങ്കെടുക്കാതിരുന്നതെന്ന്‌ ടിആർഎസ്‌ വൃത്തങ്ങൾ പറഞ്ഞു.

വൈഎസ്‌ആർസിപി എൻഡിഎയെ പിന്തുണയ്‌ക്കുമെന്ന നിലപാടിലാണ്‌. ബിജെഡിയും എഎപിയും നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാനും ഐക്യത്തിൽ നീങ്ങാനും കൂടുതൽ കൂടിയാലോചന നടത്താനുമാണ്‌ ധാരണയായതെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം യോഗശേഷം പറഞ്ഞു. പെട്ടെന്ന്‌ വിളിച്ചതിനാൽ മുഖ്യമന്ത്രിമാർ അടക്കം പല മുതിർന്ന നേതാക്കൾക്കും പങ്കെടുക്കാനായില്ല. വിപുലമായ യോഗം പിന്നീടുണ്ടാകും–- കരീം പറഞ്ഞു. അഖിലേഷ്‌ യാദവ്‌, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, ബിനോയ്‌ വിശ്വം തുടങ്ങിയവരും യോഗത്തിനെത്തി.

അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രതിപക്ഷ പാർടി നേതാക്കളായ ഖാർഗെ, മമത, അഖിലേഷ്‌ തുടങ്ങിയവരുമായി സ്ഥാനാർഥി നിർണയത്തെക്കുറിച്ച്‌ ആശയവിനിമയം നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top