26 April Friday
ഏകപക്ഷീയമായി യോഗം വിളിച്ചതിൽ 
അതൃപ്‌തി അറിയിച്ച്‌ സീതാറാം യെച്ചൂരി 
മമത ബാനർജിക്ക്‌ കത്തയച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഗുലാംനബി, സിൻഹ പരി​ഗണനയില്‍ ; ഇന്ന്‌ പ്രതിപക്ഷ നേതൃയോഗം ; മത്സരിക്കാന്‍ ഇല്ലെന്ന് പവാര്‍

എം പ്രശാന്ത്‌Updated: Wednesday Jun 15, 2022


ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയാകണമെന്ന കോൺഗ്രസിന്റെ അഭ്യർഥന ശരത്‌ പവാർ നിരാകരിച്ചു. മത്സരിക്കാനാകില്ലെന്ന്‌ മുംബൈയിൽ എൻസിപി നേതാക്കളുടെ യോഗത്തിൽ പവാർ അറിയിച്ചു. എന്നാൽ, ചർച്ചകൾക്കും കൂടിയാലോചനകൾക്കും മുൻകൈയെടുക്കും. ഡൽഹിയിൽ എത്തിയ ശരത്‌ പവാറുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തി. ഡിഎംകെ നേതാവ്‌ ടി ആർ ബാലുവുമായും യെച്ചൂരി ചർച്ച നടത്തി. കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി, ടിആർഎസ്‌ നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി യെച്ചൂരി ഫോണിലൂടെ കൂടിയാലോചനകൾ നടത്തി. മമതയും പവാറുമായി ചർച്ച നടത്തി. ഗുലാംനബി ആസാദ്‌, യശ്വന്ത്‌ സിൻഹ തുടങ്ങിയ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക്‌ പ്രതിപക്ഷ നിരയിൽ ഉയരുന്നുണ്ട്‌.

അതേസമയം രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകൾക്കായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഏകപക്ഷീയമായി  ബുധനാഴ്ച യോഗം വിളിച്ചതിൽ കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ പാർടികൾ അതൃപ്‌തി പ്രകടമാക്കി. കൂടിയാലോചിച്ച്‌ തീരുമാനിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നതെന്ന്‌ കെസിആർ, സ്‌റ്റാലിൻ തുടങ്ങിയവരും അഭിപ്രായപ്പെട്ടു.

ബുധനാഴ്‌ച ഡൽഹി കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ്‌ മമത പ്രതിപക്ഷ പാർടികളുടെ യോഗം വിളിച്ചത്‌. കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ 22 പാർടിക്കാണ്‌ ക്ഷണം. അതൃപ്‌തിയുണ്ടെങ്കിലും ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്ന വിലയിരുത്തലിൽ പ്രതിപക്ഷ പാർടികൾ പ്രതിനിധികളെ അയക്കും. മുഖ്യമന്ത്രിമാരാരും പങ്കെടുക്കില്ല. ശരത് പവാർ യോഗത്തിനെത്തും. കോൺഗ്രസിനെ പ്രതിനിധാനം ചെയ്‌ത്‌ മല്ലികാർജുൻ ഖാർഗെയും ജയ്‌റാം രമേശും കെ സി വേണുഗോപാലും പങ്കെടുക്കും. സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, സിപിഐ രാജ്യസഭാംഗം ബിനോയ്‌ വിശ്വം, തേജസ്വി യാദവ്‌ (ആർജെഡി), രാംഗോപാൽ യാദവ്‌ (എസ്‌പി), ടി ആർ ബാലു (ഡിഎംകെ), നമോ നാഗേശ്വര റാവു (ടിആർഎസ്‌) തുടങ്ങിയവരും എഎപി പ്രതിനിധിയും യോഗത്തിനെത്തും.അടുത്ത തിങ്കളോ ചൊവ്വയോ പ്രതിപക്ഷ പാർടി നേതാക്കളുടെ മറ്റൊരു യോഗം സ്ഥാനാർഥി നിർണയത്തിനായി ചേർന്നേക്കും.

അർഥവത്തായ കൂടിച്ചേരൽ 
കാലഘട്ടം ആവശ്യപ്പെടുന്നു
രാഷ്ട്രപതി തെരഞ്ഞെടുപ്പുചർച്ചയ്‌ക്കായി പ്രതിപക്ഷ പാർടികളുടെ യോഗം കൂടിയാലോചന കൂടാതെ ഏകപക്ഷീയമായി വിളിച്ചതിൽ അതൃപ്‌തി അറിയിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്‌ കത്തയച്ചു.

പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മുൻകൂട്ടി കൂടിയാലോചനകൾ നടത്തിയശേഷമാണ്‌ ഇത്തരത്തിൽ യോഗം വിളിക്കുകയെന്ന്‌ യെച്ചൂരി ഓർമിപ്പിച്ചു. ഇവിടെ സ്ഥലവും സമയവും തീയതിയും അജൻഡയും അറിയിച്ചുള്ള ഏകപക്ഷീയമായ അറിയിപ്പാണ്‌ ലഭിച്ചത്‌.

പ്രതിപക്ഷ സ്വരങ്ങളുടെ അർഥവത്തായ കൂടിച്ചേരലാണ്‌ ഈ ഘട്ടത്തിൽ വേണ്ടത്‌. ശരിയായ കൂടിയാലോചനയും നേതാക്കളുടെ സൗകര്യവും പരിഗണിച്ച്‌ സമയം നിശ്ചയിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട രീതിയിൽ പ്രതിപക്ഷ കൂടിച്ചേരൽ സാധ്യമാകുമായിരുന്നു. ഇന്ത്യയുടെ ഭരണഘടനയെയും മതേതരഘടനയെയും സംരക്ഷിക്കുന്നതിനായി എല്ലാ മതേതര പാർടിയുടെയും വിശാലമായ കൂട്ടായ്‌മയ്‌ക്കായി നിലകൊള്ളുന്ന പാർടിയാണ്‌ സിപിഐ എം–- കത്തിൽ യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top