20 April Saturday
ഫോണ്‍ ചോര്‍ത്തലിലും കര്‍ഷകപ്രക്ഷോഭത്തിലും കേന്ദ്രം ചര്‍ച്ചയ്ക്ക് സന്നദ്ധമാകണം

രാഷ്ട്രപതി ഇടപെടണം; പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കം; പാർലമെന്റില്‍ അപൂര്‍വ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ന്യൂഡൽഹി > ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയർ ഉപയോ​ഗിച്ച് രാജ്യത്ത് വ്യാപകമായി ഫോണ്‍ ചോര്‍ത്തിയതിലും എട്ട്‌ മാസമായി തുടരുന്ന കർഷകപ്രക്ഷോഭത്തിലും പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ തയ്യാറാകാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർടികൾ സംയുക്തമായി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനു കത്തെഴുതി. ഭരണഘടനയുടെ അന്തസ്സും പാർലമെന്ററി നടപടിക്രമവും ചട്ടവും സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം. രാജ്യത്തെ അന്തരീക്ഷം അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായി. അപൂർവ പ്രതിസന്ധിയിലാണ്‌ പാർലമെന്റ്‌–-കത്തിൽ പറഞ്ഞു.

ഈ വിഷയങ്ങളിൽ ചർച്ചയ്‌ക്ക് പ്രതിപക്ഷം ഇരുസഭയിലും തുടർച്ചയായി നോട്ടീസ്‌ നൽകുന്നെങ്കിലും സർക്കാർ നിഷേധ നിലപാടിലാണ്. കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ 550ഓളം പേർ മരിച്ചു. കോടിക്കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലായി. അതത് സർക്കാരുകളുടെ അനുമതിയോടെയാണ്‌ ഫോണ്‍ചോര്‍ത്തുന്നതെന്നാണ് പെ​ഗാസസ് നിര്‍മാതാക്കളായ ഇസ്രയേൽ കമ്പനിയുടെ  നിലപാട്. സ്വന്തം പൗരന്മാർക്കുനേരെ ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിച്ചതെന്തിനെന്ന് വിശദീകരിക്കാൻ മോഡിസർക്കാർ തയ്യാറാകുന്നില്ല. ഇതിനായി എത്ര പണം ചെലവഴിച്ചെന്നും അറിയേണ്ടതുണ്ട്‌.  ഈ വിഷയങ്ങൾ ചർച്ചചെയ്യാൻ എംപിമാർക്കുള്ള അവകാശം സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം–-കത്തിൽ ആവശ്യപ്പെട്ടു.

സിപിഐ എം, സിപിഐ,  കോൺഗ്രസ്‌, ഡിഎംകെ, എൻസിപി, ശിവസേന, ആർജെഡി, എസ്‌പി,  നാഷണൽ കോൺഫറൻസ്‌, എഎപി, ഐയുഎംഎൽ, ആർഎസ്‌പി, കേരള കോൺഗ്രസ്‌ മാണി, വിസികെ എന്നീ കക്ഷികളുടെ പാർലമെന്ററി പാർടി നേതാക്കൾ യോഗം ചേർന്ന്  ഭാവിപരിപാടികൾ ചർച്ച ചെയ്തു.  തൃണമൂൽ കോൺഗ്രസ്‌ യോഗത്തിൽ പങ്കെടുക്കാനോ കത്തിൽ ഒപ്പിടാനോ തയ്യാറായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top