26 April Friday

ജയ് കിസാൻ ; കർഷകപ്രക്ഷോഭത്തിന് ഐതിഹാസിക വിജയം ; ഭാവി സമരരൂപം തീരുമാനിക്കാൻ കര്‍ഷകസംഘടനകള്‍ ഇന്ന് യോഗംചേരും

സാജൻ എവുജിൻUpdated: Friday Nov 19, 2021


ന്യൂഡൽഹി
ആക്രമണങ്ങളും ഭീഷണിയും മഹാമാരിയും പ്രതികൂല കാലാവസ്ഥയും വകവയ്‌ക്കാതെ പൊരുതിയ കർഷകരുടെ നിശ്‌ചയദാർഢ്യത്തിനു മുന്നിൽ മോദിസർക്കാർ മുട്ടുമടക്കി. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനുണ്ടായ ബുദ്ധിമുട്ടുകൾക്ക്‌ മാപ്പിരന്നു. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി 29ന്‌ തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പൂർത്തീകരിക്കുമെന്നും പറഞ്ഞു. ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു  നാടകീയ പ്രഖ്യാപനം.

മൂന്ന്‌ നിയമവും പിൻവലിച്ചത്‌ സ്വാഗതാർഹമാണെന്ന്‌ 358 ദിവസമായി കർഷകപ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രതികരിച്ചു. ന്യായമായ മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പ്രധാനമാണ്‌. ലഖിംപുർ ഖേരി കൂട്ടക്കൊലയടക്കം 750ലേറെ കർഷകരുടെ മരണത്തിനിടയാക്കിയത്‌ കേന്ദ്രത്തിന്റെ പിടിവാശിയാണ്‌. ഭാവി സമരരൂപം തീരുമാനിക്കാൻ ശനിയാഴ്‌ച യോഗം ചേരും. കർഷകരുടെ ജീവത്യാഗം വെറുതെയാകില്ല–- എസ്‌കെഎം വ്യക്തമാക്കി.

പാർലമെന്റിൽ എല്ലാ നടപടിക്രമവും മറികടന്നാണ്‌ 2020 സെപ്‌തംബറിൽ കോർപറേറ്റ്‌ പ്രീണന കാർഷികനിയമങ്ങൾ പാസാക്കിയത്‌. രാജ്യസഭയിൽ പ്രതിഷേധിച്ചവരെ സസ്‌പെൻഡ്‌ ചെയ്‌തു. സമരത്തെ ആക്ഷേപിക്കുകയും കർഷകരെ വേട്ടയാടുകയും ചെയ്‌ത മോദിസർക്കാർ ജനുവരിമുതൽ ചർച്ചപോലും ഉപേക്ഷിച്ചു.കർഷകസമരം  രാജ്യവിരുദ്ധമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിക്കും കുട്ടർക്കും.  കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം കഴിഞ്ഞ പാർലമെന്റ്‌ സമ്മേളനത്തിൽ ചർച്ചചെയ്യാനും തയ്യാറായില്ല. 

അതേസമയം, അടുത്ത വർഷാമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ ബിജെപി സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണ്‌. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടിയുണ്ടായി.

ലഖിംപുർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയുടെ മകൻ നടത്തിയ കർഷക കൂട്ടക്കൊലയും ബിജെപിക്ക്‌ കടുത്ത ആഘാതമായി. കേസിൽ യുപി സർക്കാരിനെ സുപ്രീംകോടതി തുടർച്ചയായി വിമർശിച്ചു. അടുത്ത ബജറ്റ്‌ സമ്മേളനകാലത്ത്‌ എസ്‌കെഎം പിന്തുണയോടെ ട്രേഡ്‌ യൂണിയനുകൾ ദ്വിദിന അഖിലേന്ത്യ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാജ്യത്ത്‌ തൊഴിലാളി–-കർഷക ഐക്യം വളരുന്നതും മോദി സർക്കാരിനെയും ബിജെപിയെയും ആശങ്കപ്പെടുത്തുന്നു.

നടപ്പാക്കൽ സുപ്രീംകോടതി തടഞ്ഞു
കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ ജനുവരിയിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. സുപ്രീകോടതി നിയോഗിച്ച സമിതി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്‌തു. തുടർനടപടി ഉണ്ടായില്ല.

പാർലമെന്റിൽ പിൻവലിക്കുംവരെ പ്രക്ഷോഭം: കിസാൻസഭ
പ്രധാനമന്ത്രി വാക്കാൽ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്നും വിവാദ കാർഷികനിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും  അഖിലേന്ത്യാ കിസാൻസഭ. ഔദ്യോഗികമായി ഉറപ്പ്‌ ലഭിക്കണം. ശനിയാഴ്‌ച സിൻഘു അതിർത്തിയിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ പ്രക്ഷോഭത്തിന്റെ ഭാവിരൂപം തീരുമാനിക്കുമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽസെക്രട്ടറി ഹന്നൻമൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.     

 കർഷകരുടെ നിശ്‌ചയദാർഢ്യവും പോരാട്ടവീര്യവും തിരിച്ചറിയാൻ  പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കഴിഞ്ഞില്ല. അതുകൊണ്ടാണ്‌ സമരം ഇത്രയും നീണ്ടുപോയത്‌. 750 ഓളം കർഷകർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. 10 മാസംമുമ്പ്‌ നിയമങ്ങൾ പിൻവലിച്ചിരുന്നെങ്കിൽ ഇത്രയും മരണം ഉണ്ടാകില്ലായിരുന്നു. കർഷകരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ  ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും ഹന്നൻമൊള്ള  കുറ്റപ്പെടുത്തി.

ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പിൽ പരാജയം മണത്തതോടെയാണ്‌ മോദി സർക്കാർ വിവാദനിയമങ്ങൾ പിൻവലിക്കാൻ ധൃതിയിൽ തീരുമാനമെടുത്തതെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ധാവ്‌ളെ പറഞ്ഞു. എന്നാൽ,  ഈ നീക്കവും ബിജെപിയെ രക്ഷിക്കാൻ സാധ്യതയില്ല. യുപിയിൽ സർക്കാർ വിളകൾ സംഭരിക്കാത്തത്‌ കാരണം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്‌.  ഇതോടൊപ്പം വളക്ഷാമവും വിലക്കയറ്റവും കർഷകരുടെ ദുരിതം ഇരട്ടിയാക്കി. ഇതിന്റെയെല്ലാം പ്രതിഫലനം യുപി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അശോക്‌ ധാവ്‌ളെ കൂട്ടിച്ചേർത്തു.

സർക്കാർ വാഗ്‌ദാനം പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന്‌ കിസാൻസഭ നേതാക്കളായ വിജുകൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്‌ എന്നിവർ അറിയിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്‌, എൻ കെ ശുക്ല, വിക്രംസിങ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top