28 March Thursday
ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ കർഷകർ നിയമങ്ങളുടെ പകർപ്പ്‌ കത്തിച്ചു

കർഷക പ്രക്ഷോഭം കരുത്തോടെ അമ്പതാം ദിവസം ; പകർപ്പുകൾ കത്തിച്ചു

എം പ്രശാന്ത്‌Updated: Thursday Jan 14, 2021

കേരളത്തിൽനിന്ന്‌ പോകുന്ന കർഷകസംഘം വളന്റിയർമാർ കാർഷിക ബില്ലുകൾ കത്തിച്ച് പ്രതിഷേധിക്കുന്നു ഫോട്ടോ: പി വി സുജിത്‌


ന്യൂഡൽഹി
കേന്ദ്ര സർക്കാർ പാസാക്കിയ കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കാന്‍‌ ഡൽഹിയിലെ അഞ്ച്‌ അതിർത്തികളിലെ കർഷക പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക്‌ കടന്നു. കൊടുംശൈത്യം അതിജീവിച്ച്‌ സ്‌ത്രീകളും വൃദ്ധരും കുട്ടികളുമടക്കം ആയിരങ്ങളാണ് അതിർത്തികളിൽ തമ്പടിക്കുന്നത്.  നിയമങ്ങൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതി നാലംഗ സമിതിയെ നിയമിച്ചെങ്കിലും അംഗങ്ങള്‍ കാർഷിക നിയമങ്ങളെ പിന്തുണച്ചവരായതിനാൽ സമിതിയുടെ വിശ്വാസ്യത തകര്‍ന്നു. ‌സമിതിക്ക്‌ മുമ്പാകെ ഹാജരാകില്ലെന്ന്‌ പ്രഖ്യാപിച്ച കർഷകസംഘടനകൾ പ്രക്ഷോഭം ശക്തമാക്കി‌. വെള്ളിയാഴ്‌ച സർക്കാരുമായി ഒമ്പതാംവട്ട ചർച്ചയുണ്ട്‌.

ഉത്തരേന്ത്യയിലെ ശൈത്യകാല ആഘോഷമായ ലോഹ്‌റിയോട്‌ അനുബന്ധിച്ച്‌ കർഷകസംഘടനകൾ ബുധനാഴ്‌ച കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചുവെന്ന്‌ കിസാൻ സംഘർഷ്‌ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, യുപി എന്നിവിടങ്ങില്‍  ആയിരങ്ങള്‍ പങ്കാളികളായി. ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച് ട്രാക്ടർ റാലി സംഘടിപ്പിക്കും. 18ന്‌ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഹിളാകിസാൻ ദിവസ്‌ ആചരിക്കും.
കേരളത്തിലെ കർഷകർ ഇന്ന്‌ ഷാജഹാൻപുരിൽ

കർഷകപ്രക്ഷോഭത്തിൽ പങ്കാളികളാകാനായി കേരളത്തിൽനിന്ന്‌ പുറപ്പെട്ട കർഷകസംഘത്തിന്റെ ആദ്യ ബാച്ച്‌ സമരഭടന്മാർ വ്യാഴാഴ്‌ച പ്രക്ഷോഭത്തിൽ അണിചേരും. രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപ്പുരിലാണ്‌ എത്തുന്നത്‌. തിങ്കളാഴ്‌ച കണ്ണൂരിൽനിന്ന്‌ റോഡുമാർഗമാണ്‌ അഞ്ഞൂറോളം കർഷകർ പുറപ്പെട്ടത്‌. ചൊവ്വാഴ്‌ച പുണെയിൽ തങ്ങിയ സംഘം ബുധനാഴ്‌ച രാത്രിയോടെ രാജസ്ഥാനിൽ പ്രവേശിച്ചു. പുലർച്ചെയോടെ ജയ്‌പ്പുരിൽ എത്തുന്ന സംഘം അവിടെനിന്ന്‌ ഡൽഹി ഹൈവേയിലൂടെ ഷാജഹാൻപ്പുരിലേക്ക്‌ തിരിക്കും. കിസാൻസഭ അഖിലേന്ത്യാ നേതാക്കളായ കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്‌ എംപി എന്നിവരും സംഘത്തോടൊപ്പം ചേരും.

കർണാടകയിൽ പലയിടത്തും വാഹന പരിശോധനയുടെയും മറ്റും പേരിൽ പൊലീസ്‌ യാത്ര തടസ്സപ്പെടുത്തിയെന്ന്‌ സംഘത്തെ നയിക്കുന്ന ഷൗക്കത്ത്‌ പറഞ്ഞു. ബുധനാഴ്‌ച മഹാരാഷ്ട്ര അതിർത്തിയിൽവച്ച്‌ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിച്ചതായും ഷൗക്കത്ത്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top