26 April Friday
അഞ്ചിന് മോഡിയുടെയും കോർപറേറ്റുകളുടെയും കോലംകത്തിക്കും

കരുത്തോടെ കര്‍ഷകപ്രക്ഷോഭം ; പിന്തിരിയില്ലെന്ന് കർഷകനേതാക്കൾ , ഇന്ന് വീണ്ടും ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

ഇടതുപക്ഷ പാർടികൾ ഡൽഹിയിൽ നടത്തിയ മാർച്ചിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സംസാരിക്കുന്നു. ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
കേന്ദ്രസർക്കാരുമായി വ്യാഴാഴ്‌ച വീണ്ടും ചർച്ച നടക്കാനിരിക്കെ കൂടുതൽ ശക്തിയാർജിച്ച് കർഷകപ്രക്ഷോഭം. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും കേന്ദ്രം പിൻവലിക്കുംവരെ  പ്രക്ഷോഭം തുടരാൻ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി വർക്കിങ്‌ ഗ്രൂപ്പും പഞ്ചാബിലും ഹരിയാനയിലുംനിന്നുള്ള സംയുക്ത സമരസമിതി നേതാക്കളും തീരുമാനിച്ചു. സിൻഘു സമരകേന്ദ്രത്തിലെ  കൂടിയാലോചന രണ്ട്‌ മണിക്കൂർ നീണ്ടു.

കുട്ടികളും സ്‌ത്രീകളും വയോധികരും അടക്കം ലക്ഷക്കണക്കിനു പേർ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിന് കേന്ദ്രം തയ്യാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. ഇതിനകം മൂന്ന്‌ കർഷകർ മരിച്ചു. ഡിസംബർ അഞ്ചിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അംബാനി, അദാനി അടക്കമുള്ള കോർപറേറ്റ്‌ വമ്പന്മാരുടെയും കോലങ്ങൾ രാജ്യവ്യാപകമായി കത്തിക്കാൻ തീരുമാനിച്ചു. പഞ്ചാബിൽനിന്നുള്ള കായികതാരങ്ങൾ പ്രതിഷേധസൂചകമായി ദേശീയ ബഹുമതികൾ മടക്കിനൽകി.


 

ഡൽഹി–യുപി അതിർത്തിയിലും കർഷകർ തമ്പടിക്കുന്നു
ഉത്തർപ്രദേശിൽനിന്ന്‌ ആയിരക്കണക്കിനു കർഷകർ പ്രക്ഷോഭത്തിൽ അണിചേർന്നതോടെ നോയിഡയും പ്രക്ഷുബ്ധം.  ഡൽഹി–-നോയിഡ അതിർത്തിയിലെ ഗൗതം ബുദ്ധ്‌ നഗർ പ്രവേശനകവാടത്തിൽ  കർഷകർ സമരകേന്ദ്രം തുറന്നു. ആയിരക്കണക്കിനു കർഷകർ ഇവിടെയും കേന്ദ്രീകരിച്ചു. 

നോയിഡ–-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേയിൽ കർഷകർ പ്രതിഷേധിച്ചതിനെത്തുടർന്ന്‌  ഡിഎൻഡി ഫ്‌ളൈവേ പൊലീസ്‌ അടച്ചു. ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും മറ്റൊരു അതിർത്തിയായ ഗാസിപുരിലും കർഷകർ തമ്പടിച്ചു. വൻതോതിൽ കർഷകർ എത്തുന്നതിനാൽ പൊലീസിന്റെ സന്നാഹവും വിപുലമാക്കി. ദ്രുതകർമസേനയെയും നിയോഗിച്ചു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം
കര്‍ഷകദ്രോഹ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കില്‍ കൂടുതൽ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ ഡൽഹിയിലേക്ക്‌ നീങ്ങും. ഡൽഹി– ഉത്തർപ്രദേശ്‌ അതിർത്തികളായ നോയിഡയിലും ഗാസിപ്പുരിലും ആയിരക്കണക്കിനു കർഷകർ കേന്ദ്രീകരിച്ചു. ഡൽഹി–-ഹരിയാന അതിർത്തികളായ സിൻഘുവിലും ടിക്രിയിലും പതിനായിരങ്ങൾ തമ്പടിച്ചിട്ടുണ്ട്‌. ഗതാഗതം തടസ്സപ്പെട്ടതോടെ ഡൽഹിയിൽ പച്ചക്കറിവില കുതിച്ചുയർന്നു. സ്ഥിതിഗതി വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു.

നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന്‌ സംയുക്ത സമരസമിതി നേതാവ്‌ ഡോ. ദർശൻ പാൽ ആവശ്യപ്പെട്ടു. കർഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും‌ അദ്ദേഹം സിൻഘുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്‌ച സർക്കാരിനു നൽകുന്ന അവസാന ദിവസമാണെന്ന്‌ ലോക്‌ സംഘർഷ്‌ മോർച്ച നേതാവ്‌ പ്രതിഭ ഷിൻഡെ പറഞ്ഞു.

ഭേദഗതിവഴി പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളാണ്‌ മൂന്ന്‌ കാർഷികനിയമത്തിനും ഉള്ളതെന്നും അവ പൂർണമായി പിൻവലിക്കുകയാണ്‌ ചെയ്യേണ്ടതെന്നും‌ കേന്ദ്ര സർക്കാരിനോട്‌ കർഷക സംഘടനകൾ രേഖാമൂലം ആവശ്യപ്പെട്ടു. നിയമങ്ങളോടുള്ള വിയോജിപ്പുകൾ എഴുതി നൽകാൻ കഴിഞ്ഞദിവസം യോഗത്തിൽ ധാരണയായിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top