19 April Friday

ആഗസ്‌ത്‌ ഒന്നിന്‌ കർഷകത്തൊഴിലാളി പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും കോർപറേറ്റ്‌ പ്രീണനനയത്തിനെതിരെ ദേശീയ പ്രക്ഷോഭത്തിന്‌ ആഹ്വാനംചെയ്‌ത്‌ കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയ കൺവൻഷൻ. ആഗസ്‌ത്‌ ഒന്നിന്‌ രാജ്യത്തെ 500 കലക്ടറേറ്റിനുമുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡൽഹി ഹർകിഷൻസിങ്‌ സുർജിത്‌ ഭവനിൽ ചേർന്ന കൺവൻഷൻ തീരുമാനിച്ചു.  മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്‌ ഉദ്‌ഘാടനംചെയ്‌തു.

ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാന–-ജില്ലാ കൺവൻഷനുകൾ ചേരും. ജൂലൈ രണ്ടാംവാരം ഗ്രാമങ്ങളിൽ പ്രാദേശിക സമ്മേളനം സംഘടിപ്പിക്കും. ഗ്രാമീണമേഖലയിലെ സംഘടനകളെ ഏകോപിപ്പിക്കും. ഗ്രാമീണ പണിമുടക്ക്‌ നടത്തും. കർഷകത്തൊഴിലാളികൾക്ക്‌ മിനിമം വേതനം ഉറപ്പാക്കുക, തൊഴിലുറപ്പ്‌ പദ്ധതിയിൽ കുറഞ്ഞത്‌ 200 തൊഴിൽദിനം നൽകുക, കൂലി 600 രൂപയാക്കി ഉയർത്തുക, ഗോരക്ഷാ സേനകളെ നിരോധിക്കുക, പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങി ഇരുപത്തെട്ടിനമടങ്ങിയ പ്രമേയം കൺവൻഷൻ അംഗീകരിച്ചു. ഇതിലൂന്നിയായിരിക്കും ഭാവി പ്രക്ഷോഭം. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ജോയിന്റ്‌ സെക്രട്ടറി വിക്രംസിങ്‌, അഖിലേന്ത്യ ഖേത്‌ മസ്‌ദൂർ യൂണിയൻ നേതാക്കളായ ഗുൽസാർസിങ്‌ ഗൊറിയ, വി എസ്‌ നിർമൽ, അഖിലേന്ത്യാ ഗ്രാമീണ കർഷകത്തൊഴിലാളി യൂണിയൻ, സംയുക്ത കിസാൻ മോർച്ച, അഗ്രഗാമി കൃഷി ശ്രമിക്‌ യൂണിയൻ സംഘടനകളുടെ ഭാരവാഹികളും കൺവൻഷനിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top