25 April Thursday

തെരുവുകള്‍ പാഠശാലയാക്കി കര്‍ഷകരുടെ മക്കള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ന്യൂഡൽഹി
ഹോഷിയാർപുർ ജില്ലയിലെ മംഗത്ത്‌ ഗ്രാമത്തിലെ ആറാംക്ലാസുകാരി ഗുർസിമ്രത്‌ കൗറിന്‌  മാസം അവസാനം പരീക്ഷയാണ്‌. അച്ഛനുമമ്മയും സമരത്തിന് ഡല്‍ഹിയിലേക്ക് തിരിച്ചപ്പോള്‍ പുസ്തകവുമെടുത്ത് അവളും ഒപ്പമിറങ്ങി. പകൽ സിൻഘു അതിർത്തിയിൽ  അച്ഛനും അമ്മയ്‌ക്കും ഒപ്പം മുദ്രാവാക്യം മുഴക്കാന്‍  ഗുർസിമ്രത്‌ മുന്നിലുണ്ട്. രാത്രി പഠനം. പാഠങ്ങൾ അധ്യാപകർ വാട്‌സാപ്പിലൂടെ അയക്കും. ഓൺലൈൻ പരീക്ഷകളും മുടക്കാറില്ല.

‘‘സമരത്തിലാണെങ്കിലും പഠനം മാറ്റിവയ്‌ക്കാറില്ല. ഇക്കുറിയും എല്ലാവിഷയത്തിനും എ പ്ലസ്‌ വാങ്ങണം’’–- ഗുർസിമ്രത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസം. പഞ്ചാബിയിലേക്ക്‌ മൊഴിമാറ്റിയ പുതിയ കാർഷിക നിയമങ്ങൾ അച്ഛനും അമ്മയ്‌ക്കും ബന്ധുക്കൾക്കും വായിച്ചുകൊടുത്തത് ഗുർസിമ്രത്താണ്‌. മകളെ നിർബന്ധിച്ച്‌ സമരത്തിൽ പങ്കെടുപ്പിക്കുന്നതല്ലെന്നും സ്വന്തം താൽപ്പര്യപ്രകാരമാണ്‌ അവൾ എത്തിയതെന്നും അമ്മ സുഖ്‌ബീർകൗർ  പറയുന്നു.

ഡൽഹി അതിർത്തിയിൽ സമരംചെയ്യുന്ന കർഷകർക്ക്‌ ഗുർസിമ്രത്തിനെപ്പോലെയുള്ള പുതുതലമുറ പകരുന്ന ആവേശം ചെറുതല്ല. രാത്രികളിൽ റോഡരികിലെ ടെന്റുകളും ട്രാക്ടറുകളും അവര്‍ക്ക് പഠനമുറികളായി മാറുന്നു.  ‘‘ഇത്‌ മുതിർന്നവർക്കുവേണ്ടി മാത്രമുള്ള പോരാട്ടമല്ല. എല്ലാ കുടുംബത്തെയും ബാധിക്കുന്ന വിഷയമാണ്‌. എല്ലാവരും സമരരംഗത്തിറങ്ങിയേതീരൂ’’–- പഞ്ചാബിലെ മാൻസ ജില്ലക്കാരനായ പതിനാലുകാരൻ ഹർമൻസിങ് പറയുന്നു. ഫോണിൽ അയച്ചുകിട്ടിയ അസൈൻമെന്റുകൾ ചെയ്‌തുതീർത്തതിനുശേഷമേ ഹർമൻ ഉറങ്ങാറുള്ളൂ. കോവിഡ്‌കാലമായതിനാൽ പഞ്ചാബിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും ഓൺലൈൻവഴിയാണ്‌ ക്ലാസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top