19 April Friday

കൂപ്പുകുത്തി രൂപ ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌

പ്രത്യേക ലേഖകൻUpdated: Monday May 9, 2022

 
ന്യൂഡൽഹി
ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്‌ക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌. ഡോളറിന്‌ 77.58 രൂപ എന്ന നിലയിലേക്ക്‌ തിങ്കളാഴ്‌ച വ്യാപാരമധ്യേ ഇന്ത്യൻകറൻസി കൂപ്പുകുത്തി. ഒടുവിൽ ഡോളറിന്‌ 77.50 രൂപ എന്ന നിരക്കിലാണ്‌ ഇടപാട്‌ നിർത്തിയത്‌. വെള്ളിയാഴ്‌ചത്തെ വിനിമയനിരക്കിനെ അപേക്ഷിച്ച്‌ 60 പൈസയാണ്‌ ഇടിഞ്ഞത്‌. ഇതിനുമുമ്പ്‌ രൂപയുടെ ഏറ്റവും വലിയ തകർച്ച ഇക്കഴിഞ്ഞ മാർച്ച്‌ ഏഴിനുണ്ടായ ഡോളറിന്‌ 76.98 എന്ന നിരക്കായിരുന്നു.

രൂപയുടെ മൂല്യത്തകർച്ചയെത്തുടർന്ന്‌ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 60,000 കോടി ഡോളറിൽ താഴെയായി. ഏപ്രിൽ 29നുശേഷം വിദേശനാണ്യശേഖരത്തിൽ 270 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്‌. രണ്ടു മാസമായി വിദേശനാണ്യശേഖരം കുറഞ്ഞുവരികയാണ്‌. 2021 മേയിനുശേഷം ആദ്യമാണ്‌ വിദേശനാണ്യശേഖരം 60,000 കോടി ഡോളറിൽ താഴെയാകുന്നത്‌. മേയിലെ ആദ്യത്തെ നാലു പ്രവൃത്തിദിവസത്തിൽമാത്രം വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന്‌ 6400 കോടി രൂപയാണ്‌ പിൻവലിച്ചത്‌. എൽഐസിയുടെ ഓഹരിവിൽപ്പനയോടും വിദേശനിക്ഷേപകർക്ക്‌ തണുപ്പൻ പ്രതികരണമാണ്‌.

ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകർ പിൻവലിയുന്നതും ഡോളറിന്റെ കരുത്ത്‌ കൂട്ടാൻ അമേരിക്കൻ കേന്ദ്രബാങ്ക്‌ സ്വീകരിച്ച നടപടിയും രൂപയെ കൂടുതൽ ദുർബലപ്പെടുത്തി. റഷ്യ– -ഉക്രയ്‌ൻ യുദ്ധത്തെതുടർന്ന്‌ എണ്ണവില ഉയർന്നതോടെ ഇറക്കുമതിച്ചെലവും കൂടി. ഈ സ്ഥിതിയിൽ രൂപയുടെ പതനം കൂടുതൽ വഷളാകുമെന്നാണ്‌ കരുതുന്നത്‌. ഡോളറിന്‌ 77.80 രൂപവരെയായി ഇടിവ്‌ തുടർന്നേക്കാമെന്ന്‌ വിപണിനിരീക്ഷകർ പ്രവചിക്കുന്നു. വിലക്കയറ്റത്തോടൊപ്പം ലോകസാഹചര്യങ്ങളും പ്രക്ഷുബ്ധമായി തുടർന്നാൽ ഡോളറിന്‌ 80 രൂപയെന്ന നിലയിൽ എത്തിയാലും അത്ഭുതമില്ലെന്നും  ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. രൂപയുടെ തകർച്ച ഓഹരിവിപണിയിലും പ്രതിഫലിച്ചു. ദേശീയ സൂചിക  നിഫ്‌റ്റി 109 പോയിന്റും മുംബൈ ഓഹരിവിപണി സൂചിക 365 പോയിന്റും ഇടിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top