04 December Monday
അറ്റകുറ്റപ്പണിയുടെ പേരിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ തീരത്ത്‌ നങ്കൂരമിടും

സൈനിക താവളമാകും ; അമേരിക്കയ്ക്ക്‌ തുറമുഖങ്ങൾ തുറന്നിട്ട്‌ ഇന്ത്യ

റിതിൻ പൗലോസ്‌Updated: Sunday Sep 10, 2023


ന്യൂഡൽഹി
തന്ത്രപ്രധാനമായ മുംബൈയിൽ അമേരിക്കൻ പടക്കപ്പലുകൾക്കും വിമാനവാഹിനികൾക്കും താവളമടിച്ച്‌ അറ്റകുറ്റപ്പണി നടത്താൻ സഹായിക്കുന്ന രണ്ടാം മാസ്റ്റർ ഷിപ്പ് റിപ്പയർ കരാർ (എംഎസ്‌ആർഎ) ഒപ്പിട്ട്‌ ഇന്ത്യ. അമേരിക്കൻ നാവികസേനയും കേന്ദ്ര ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക്ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡുമാണ്‌ (എംഡിഎൽ) രാജ്യത്തിന്റെ പരമാധികാരത്തെ മുൾമുനയിലാക്കുന്ന കരാർ വ്യാഴാഴ്‌ച ഒപ്പിട്ടത്‌. വൈറ്റ്‌ഹൗസ്‌ പുറത്തുവിട്ട സംയുക്ത പ്രസ്താവന കരാർ വിവരം വ്യക്തമാക്കുന്നുണ്ട്‌.

ഇന്തോ– -പസഫിക്‌ മേഖലയിൽ ചൈനയ്‌ക്കുള്ള സ്വാധീനം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക്‌ വിഘാതമായതോടെയാണ്‌ ഇന്ത്യയെ കൂട്ടുപിടിച്ച്‌ ‘തന്ത്രപരമായ സൈനിക സഹകരണം’ വർധിപ്പിക്കുന്നത്‌. തുറന്നതും സ്വതന്ത്രവുമായ ഇന്തോ–- പസഫിക്‌ എന്ന സന്ദേശത്തിന്റെ മറവിലാണ്‌ അമേരിക്കൻ ഭരണനേതൃത്വം ‘ചൈനയെ വളയൽ’ തന്ത്രം നടപ്പാക്കുന്നത്‌. ഫലത്തിൽ അറ്റകുറ്റപ്പണിയുടെ പേരിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക്‌ ഇന്ത്യൻ തീരത്ത്‌ തമ്പടിക്കാനാവും.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഇരു രാഷ്‌ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായുള്ള ആദ്യ എംഎസ്‌ആർഎ കരാർ ജൂലൈയിൽ നടപ്പാക്കിയിരുന്നു. അഞ്ചുവർഷത്തേക്കുള്ള ആദ്യ കരാർ പ്രകാരം ചെന്നൈ കട്ടുപ്പള്ളിയിലെ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് (എൽ ആൻഡ്‌ ടി) ഷിപ്പ്‌യാർഡിലാണ്‌ അമേരിക്കൻ പടക്കപ്പലുകളും മറ്റും അറ്റകുറ്റപ്പണി നടത്തുക. മോദി ഈ വർഷം ജൂണിൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ ഒപ്പിട്ട ഇന്ത്യ–-- യുഎസ് ഡിഫൻസ് ആക്സിലറേഷൻ ഇക്കോസിസ്റ്റം (ഇൻഡക്‌സ്‌ എക്‌സ്‌) കരാർ പ്രകാരമാണ്‌ രാജ്യത്തെ തന്ത്രപ്രധാന നാവികകേന്ദ്രങ്ങളിൽ അമേരിക്കയ്‌ക്ക്‌ കടന്നുകയറാൻ സഹായകമാകുന്ന കരാറിനും വഴിതുറന്നത്‌. 

അതേസമയം കരാർ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന വാദം ശക്തമാണ്‌. സംയുക്ത പ്രസ്‌താവന ഇന്ത്യൻ മണ്ണിൽ അമേരിക്കൻ സൈനികത്താവളം നിർമിക്കുന്നതിന്റെ മുന്നോടിയാണോയെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മനീഷ്‌ തിവാരി ചോദിച്ചു. 2023 ജൂൺ 22ലെ സംയുക്ത പ്രസ്‌താവനയിലും സമാനമായ കാര്യം പറഞ്ഞിരുന്നു. ഇന്ത്യൻ മണ്ണിൽ യുഎസ്‌ സൈനികത്താവളങ്ങൾ നൽകുന്നതിന്റെ മുന്നോടിയായാണോ ഇക്കാര്യം അന്ന്‌ പറഞ്ഞതെന്ന്‌ സംശയിക്കാമെന്നും തിവാരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top