ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തെ ചൊല്ലിയുള്ള ഇന്ത്യ–-ക്യാനഡ നയതന്ത്ര ഏറ്റുമുട്ടൽ പൊട്ടിത്തെറിയിലേക്ക്. കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് കേന്ദ്ര സർക്കാർ റദ്ദാക്കി. ക്യാനഡയിലെ ഹൈക്കമീഷന്റെയും കോൺസുലേറ്റുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടെന്നും വിസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നെന്നും വിദേശ മന്ത്രാലയം അറിയിച്ചു. ക്യാനഡയ്ക്ക് പുറത്തുള്ള കനേഡിയൻ പൗരന്മാർക്കും മറ്റൊരു രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് വരാനാകില്ല. നിലവിൽ വിസ അനുവദിക്കപ്പെട്ടവർക്ക് യാത്ര നടത്താൻ തടസ്സമില്ല.
ഇന്ത്യയിലെ ക്യാനഡ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര പദവികളിലും എണ്ണത്തിലും പരസ്‌പരമുള്ള തുല്യത ഉറപ്പാക്കണമെന്ന് ക്യാനഡയോട് ‘അഭ്യർഥിച്ചു’ എന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹൈക്കമീഷന്റെയും കോൺസുലേറ്റുകളുടെയും സുരക്ഷയുറപ്പാക്കാൻ സ്വന്തം സൈന്യത്തെ അയക്കില്ലെന്നും വിയന്ന ഉടമ്പടി പ്രകാരം ആതിഥേയ രാഷ്‌ട്രം സ്ഥാപനങ്ങളുടെ സുരക്ഷയുറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി.
‘ക്യാനഡ ഭീകരവാദികളുടെ സ്വർഗം’
ഭീകരവാദികൾക്കും സംഘടിത കുറ്റകൃത്യം നടത്തുന്നവർക്കും സഹായം നൽകുന്ന ക്യാനഡ ഭീകരുടെ സ്വർഗമായി മാറിയെന്ന് വിദേശ മന്ത്രാലയം രൂക്ഷ വിമർശം ഉന്നയിച്ചു. നിജ്ജാറിന്റെ വധിച്ചത് ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ഒരു തെളിവും ക്യാനഡ കൈമാറിയിട്ടില്ല. തീവ്രാദികളുടെ പട്ടിക കൈമാറിയിട്ടും നടപടിയെടുക്കാനോ കുറ്റവാളികളെ കൈമാറാനോ ക്യാനഡ തയ്യാറായില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ക്യാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്നും വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗാചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..