20 April Saturday

ബ്രീട്ടീഷ്‌ ഹൈക്കമ്മീഷന്‌ മുന്നിലെ അധിക സുരക്ഷ പിൻവലിച്ച്‌ ഇന്ത്യ

സ്വന്തം ലേഖകൻUpdated: Wednesday Mar 22, 2023

ന്യൂഡൽഹി> മധ്യലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ അതിക്രമിച്ച്‌ കയറി ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാക താഴ്‌ത്തിയതിന്‌ പിന്നാലെ ഡൽഹിയിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്‌ ഒരുക്കിയ അധിക സുരക്ഷ സന്നാഹം പിൻവലിച്ച്‌ ഇന്ത്യ. ചാണക്യപുരിയിലുള്ള കമീഷൻ ഓഫീസിന്‌ മുന്നിൽ വാഹന ഗതാഗതം നിയന്ത്രിച്ച്‌ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ്‌ ബാരിക്കേഡുകളാണ്‌ മാറ്റിയത്‌. ഇത്‌ നാൽനടക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ്‌ എടുത്തുമാറ്റിയതെന്ന്‌ ഡൽഹി പൊലീസ്‌ പ്രതികരിച്ചു.

എന്നാൽ ഹൈക്കമ്മീഷൻ ഓഫീസിന്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലന്നും വിശദീകരണമുണ്ട്‌. ബ്രീട്ടീഷ്‌ അംബാസിഡറർ അലക്‌സ്‌ എല്ലിസിന്റെ രാജാജി മാർഗിലെ  വസതിയ്‌ക്ക്‌  മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും എടുത്തുമാറ്റിയിട്ടുണ്ട്‌.  അതേസമയം ബാരിക്കേഡുകൾ മാറ്റിയതിൽ പ്രതികരിക്കാനില്ലന്നാണ്‌ ബ്രിട്ടീഷ്‌ അധികൃതരുടെ നിലപാട്‌.  ലണ്ടനിലെ ഓഫീസിന്‌ നേർക്ക്‌ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടാകുമെന്ന്‌ അറിഞ്ഞിട്ടും  മതിയായ സുരക്ഷ ഒരുക്കാത്തതിൽ ബ്രിട്ടീഷ്‌  ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഞായറാഴ്‌ച  ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ‘വാരിസ്‌ പഞ്ചാബ്‌ ദെ ’ തലവൻ അമൃത്‌പാൽ സിങ്ങിനെ പിടികൂടാൻ നടപടി തുടങ്ങിയതിൽ പ്രതിഷേധിച്ചാണ്‌ ലണ്ടനിലെ ഓഫീസ്‌ ആക്രമിച്ച്‌ ദേശീയ പതാക താഴ്‌ത്തിയത്‌.

കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർത്ത പ്രതിഷേധക്കാർ ഖലിസ്ഥാൻ പതാകയും വീശി.  അതേസമയം ഡൽഹിയിലെ അധിക സുരക്ഷ പിൻവലിച്ചതിന്‌ പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസീന്‌ മുന്നിൽ ബ്രിട്ടീഷ്‌ സർക്കാർ  പൊലീസിനെ വിന്യസിച്ചു. ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. ബുധനാഴ്‌ച പ്രതിഷേധം നടക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ്‌ ഇത്‌. ലണ്ടന്‌ സമാനമായി അമേരിക്കയിലെ  സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ  കോൺസുലേറ്റിലും ഖലിസ്ഥാൻവാദികൾ ആക്രമണം നടത്തിയിട്ടും ഡൽഹിയിലെ   അമേരിക്കൻ എംബസിയുടെ  അധിക സുരക്ഷ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top