25 April Thursday

അന്താരാഷ്ട്ര വ്യാപാരമേള ; ജനമൊഴുകി കേരള പവിലിയൻ

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022


ന്യൂഡൽഹി
ഡൽഹി പ്രഗതി മൈതാനത്തെ അന്താരാഷ്‌ട്ര വ്യാപാരമേളയിൽ പ്രധാന ആകർഷണമായി കേരള പവിലിയൻ. ഫോക്കസ്‌ സംസ്ഥാനമായി പങ്കെടുക്കുന്ന  കേരള പവിലിയനിലേക്ക്‌ ഇതരസംസ്ഥാനക്കാരും ധാരാളമെത്തുന്നു. വോക്കൽ ഫോർ ലോക്കൽ, ലോക്കൽ റ്റു വോക്കൽ എന്ന തീമിൽ 624 ചതുരശ്ര അടിയിൽ നാലുകെട്ടു മാതൃകയിലാണ്‌ പവിലിയൻ. മിഠായിത്തെരുവു മാതൃകയിൽ കച്ചവടത്തെരുവുകളും കരകൗശലവസ്തുക്കൾ ലൈവായി നിർമിക്കുന്ന കലാകാരന്മാരും വ്യാപാര ഏരിയയും ഇവിടെയുണ്ട്‌.

കവാടത്തിൽ ബേപ്പൂർ ഉരു സന്ദർശകരെ വരവേൽക്കും. തനത്‌ വാസ്തുശിൽപ്പ മാതൃകയിൽ തീം സ്റ്റാളുകളും കൊമേഴ്‌സ്യൽ സ്റ്റാളുകളുമുണ്ട്‌. പടിപ്പുരയിൽ ആറൻമുള കണ്ണാടി, ഉരുവിന്റെ ചെറിയ മാതൃകകൾ, ചുവർചിത്രകല, ചെറിയ കഥകളി രൂപങ്ങൾ, പാവക്കൂത്ത് കോലങ്ങൾ, കളിമൺ പ്രതിമകൾ, ചെണ്ട, ഇടയ്ക്ക തുടങ്ങിയവയുടെ നിർമാണം തത്സമയം ആസ്വദിക്കാം.

കേരഫെഡ്, പട്ടികവർഗ വകുപ്പ്‌, ഔഷധി, ഹാൻവീവ്, ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാർക്കറ്റ് ഫെഡ്, സഹകരണ–-ഗ്രാമവികസന വകുപ്പ്, കൈരളി എന്നിവയുടെ സ്റ്റാളുകളും സജീവം.  മാർക്കറ്റ് ഫെഡ് ആണ്‌ വിൽപ്പനയിൽ മുന്നിൽ. ബാംബൂ മിഷൻ, ആർട്സ് ആൻഡ്‌ ക്രാഫ്റ്റ് വില്ലേജ്, ഖാദി, കയർ കോർപറേഷൻ, തദ്ദേശ–-വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെഎസ് സിഎഡിസി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് വിൽപ്പനശാലകളിലും തിരക്കുണ്ട്‌.   

കാൽനൂറ്റാണ്ടിന്റെ കൈയൊപ്പ്‌

തുടർച്ചയായ ഇരുപത്തഞ്ചാം വർഷമാണ്‌ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സി ബി ജിനന്റെ നേതൃത്വത്തിൽ പവിലിയൻ രൂപകൽപ്പന. പുരാതന ആഗോള വാണിജ്യ ബന്ധങ്ങളുടെ പ്രതീകമായാണ്‌ ഉരുവും അതിലെ സുഗന്ധവ്യഞ്ജനങ്ങളും നിർമിച്ചതെന്ന്‌ ജിനൻ പറഞ്ഞു. ഇതിനോടകം ആറു സ്വർണമടക്കം 12 മെഡലും കേരളത്തിന്‌ നേടിക്കൊടുത്തിട്ടുണ്ട്‌. 15ദിവസംകൊണ്ട്‌ മുപ്പതോളം പേരാണ്‌ പവിലിയൻ നിർമിച്ചത്‌. സഹോദരൻ ജിഗീഷ്‌, സഹായി ബിനു ഹരിദാസ്‌ എന്നിവരും നിർമാണത്തിൽ മേൽനോട്ടം വഹിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top