04 May Saturday

ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച കുറഞ്ഞു ; ഉൽപ്പാദനമേഖല വളർച്ച നിരക്ക്‌ കൂപ്പുകുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


ന്യൂഡല്‍ഹി
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച 7.2 ശതമാനമായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തില്‍ 9.1 ശതമാനമായിരുന്നു മൊത്ത  ആഭ്യന്തര ഉൽപ്പാദനം  (ജിഡിപി). അവസാന സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിൽ ജിഡിപി 6.1 ശതമാനം വളർച്ച കൈവരിച്ചു. ഇത് വാർഷിക ജിഡിപി വളർച്ചാ നിരക്ക് ഉയരാൻ സഹായകമായി. ഒക്ടോബർ--മുതല്‍ ഡിസംബർവരെയുള്ള പാദത്തിൽ ജിഡിപി വളർച്ച 4.5 ശതമാനമാണ്. ജിഡിപിയില്‍ ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന്  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു.

അതിനിടെ ഉൽപ്പാദനമേഖല  വളർച്ച നിരക്ക്‌ 2021-–-22 വർഷത്തെ 11.1 ശതമാനത്തിൽ നിന്ന്‌ 1.3 ശതമാനമായി കൂപ്പുകുത്തി. നിർമ്മാണ മേഖലയിലും സ്ഥിതി വ്യത്യസ്‌തമല്ല.  2022 സാമ്പത്തിക വർഷം 14.8 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോൾ  10ശതമാനത്തിലേയ്‌ക്ക്‌ ഇടിഞ്ഞു. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ  9.9 ശതമാനത്തിൽ നിന്ന് 9 ശതമാനമായാണ്‌ കുറഞ്ഞത്.  

വളര്‍ച്ച നേടാന്‍ പരിഷ്കാരം തുടരണം: ആര്‍ബിഐ
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് നടപ്പ് സാമ്പത്തികവര്‍ഷത്തിലും മുന്നേറുമെന്നും എന്നാല്‍  വളർച്ചാ സാധ്യതനിലനിര്‍ത്താന്‍ രാജ്യത്ത് ഘടനാപരമായ പരിഷ്കാരങ്ങൾ തുടരേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആഗോള വളർച്ച മന്ദഗതിയിലായതും ഉക്രയ്നിലെയും മറ്റും സംഘര്‍ഷസാഹചര്യവും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പരിഷ്കാര നടപടികള്‍ തീവ്രമാക്കണമെന്നും റിസര്‍വ് ബാങ്കിന്റെ 311 പേജുള്ള വാര്‍ഷിക റിപ്പോർട്ടിൽ പറയുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 7.8 ശതമാനവും അളവ് 4.4 ശതമാനവും വർധിച്ചു. മാർച്ച് അവസാനത്തോടെ വിപണിയില്‍ 3,62,220 കോടി രൂപയുടെ 2,000 രൂപ നോട്ടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top