19 April Friday
മരണം 19699 ● അൺലോക്കിൽ രോഗവ്യാപനം തീവ്രമായി

കോവിഡ്‌ രോഗികൾ 7 ലക്ഷത്തിലേക്ക്‌ ; റഷ്യയെ മറികടന്ന് ഇന്ത്യ

എം പ്രശാന്ത‌്Updated: Monday Jul 6, 2020


ന്യൂഡൽഹി
കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്ത്‌. ‌‌രാജ്യത്ത്‌ രോഗികൾ ഏഴുലക്ഷത്തോടടുത്തു. മരണം  ഇരുപതിനായിരത്തിലേക്ക്‌. ഇന്ത്യയിൽ 6,97,069 രോഗികൾ. റഷ്യയിൽ 6,81,251. അമേരിക്കയും ബ്രസീലും മാത്രമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌.

അൺലോക്ക്‌ പ്രഖ്യാപിച്ചതുമുതൽ കോവിഡ്‌ വ്യാപനം തീവ്രമാണ്‌. ജൂലൈ ഒന്നുമുതൽ അൺലോക്ക്‌ രണ്ടിന്‌ തുടക്കമിട്ടതോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ്‌‌. അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 1.10 ലക്ഷത്തിലേറെ പുതിയ രോഗികളുണ്ടായി‌. അടച്ചിടൽ കാലയളവിൽ രോഗവ്യാപനം കുറവായിരുന്ന കർണാടക, തെലങ്കാന, ആന്ധ്ര, ബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിലെല്ലാം ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തിലെ വർധന ഏറ്റവുമുയർന്ന തോതിലാണ്‌.

അടച്ചിടൽ ആരംഭിച്ച മാർച്ച്‌ 25ന്‌ 571 രോഗികളും ഒരു മരണവും മാത്രമാണുണ്ടായത്‌. നാലു ഘട്ടത്തിലായി മെയ്‌ 31ന്‌ 68 ദിവസത്തെ അടച്ചിടൽ അവസാനിച്ചപ്പോൾ രോഗികളുടെ എണ്ണം 1,90,648ൽ എത്തി. 5405 മരണവും. അൺലോക്ക്‌ ആയതോടെ 35 ദിവസംകൊണ്ട്‌ രോഗികൾ 1.90 ലക്ഷത്തിൽനിന്ന്‌ 6.85 ലക്ഷമായി. വർധന‌ 5.07 ലക്ഷം‌ (253 ശതമാനം) . അൺലോക്കിനു ശേഷം 13,875 പേർ മരിച്ചു (257 ശതമാനം‌ വർധന).  24 മണിക്കൂറിൽ 24,850 രോഗബാധ റിപ്പോർട്ടു ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമാണ്‌ പ്രതിദിന രോഗികൾ കാൽലക്ഷത്തോട്‌ അടുക്കുന്നത്‌. ശനിയാഴ്‌ച റിപ്പോർട്ടു ചെയ്യപ്പെട്ട രോഗികളിൽ 78 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഡൽഹി, തെലങ്കാന, കർണാടക, അസം, ബിഹാർ സംസ്ഥാനങ്ങളിലാണ്‌‌. 613 മരണവും ശനിയാഴ്‌ച റിപ്പോർട്ടു ചെയ്‌തു. ഒരു ദിവസം ഇത്രയധികം മരണവും ആദ്യമാണ്‌. ഇന്ത്യ അടച്ചിൽ അവസാനിപ്പിച്ച മെയ്‌ 31നു റഷ്യയിൽ രോഗബാധിതർ 4.06 ലക്ഷമായിരുന്നു. നിലവിൽ ഇത്‌ 6.81 ലക്ഷമാണ്‌. 2.75 ലക്ഷത്തിന്റെ വർധന. ജൂലൈ ഒന്നിനുശേഷം ഇന്ത്യയിൽ രോഗികൾ 253 ശതമാനംകണ്ട്‌ വർധിച്ചപ്പോൾ റഷ്യയിലെ വർധന 68 ശതമാനം മാത്രം‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top