23 April Tuesday
വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണം

പിടിവിടുന്നു; പിഴവ്‌ പരിശോധിക്കണം : കോവിഡിൽ സുപ്രീം കോടതി

എം അഖിൽUpdated: Monday Nov 23, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും- ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.

എവിടെയാണ്‌ പിഴവുകൾ പറ്റിയതെന്നതിൽ സൂക്ഷ്‌മപരിശോധന നടക്കണം. വരുംമാസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകാനാണ്‌ സാധ്യതയെന്ന്‌ എല്ലാവരും ഓർക്കണം.  ഡൽഹിയിൽ രണ്ടാഴ്‌ചയായി മരണം വല്ലാതെ വർധിച്ചു‌. ഗുജറാത്ത്‌, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി മോശമാണ്‌.

സർക്കാരുകൾ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന്‌ ഞങ്ങൾക്ക്‌ അറിയണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ്‌ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ്‌ മൂന്നംഗബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം‌. വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണം. വെള്ളിയാഴ്‌ച കേസിൽ വാദംകേൾക്കൽ തുടരും.

‘എന്താണ്‌ ഗുജറാത്തിൽ സംഭവിക്കുന്നത്‌’
കോവിഡ്‌ സാഹചര്യം വഷളായിട്ടും നടപടികൾ സ്വീകരിക്കാത്ത ഗുജറാത്ത്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഗുജറാത്തിലാണ്‌ കോവിഡ്‌ ഗുരുതരം. എന്താണ്‌ അവിടെ സംഭവിക്കുന്നത്‌? മഹാമാരി തടയാൻ എന്താണ്‌ നിങ്ങളുടെ നയം? വിവാഹങ്ങൾക്കും ഘോഷയാത്രകൾക്കും രാഷ്ട്രീയ പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത്‌ എന്തുകൊണ്ടാണ്‌? –- സുപ്രീംകോടതി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top