04 December Monday

‘വിശ്വഗുരു’ കുമിള പൊട്ടി; വ്യാപാര കരാറിൽനിന്ന്‌ ക്യാനഡ പിന്മാറി

റിതിൻ പൗലോസ്‌Updated: Sunday Sep 17, 2023

ജി 20 ഉച്ചകോടിക്കിടെ ക്യാനഡ 
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും 
നരേന്ദ്ര മോദിയും (ഫയൽചിത്രം)

ന്യൂഡൽഹി> ഒക്‌ടോബർ അവസാനത്തോടെ  ധാരണയിലെത്തുമെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ച സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ചർച്ചകളിൽനിന്ന്‌ ക്യാനഡ പിന്മാറി. ക്യാനഡയുടെ  പിന്മാറ്റം കേന്ദ്ര സർക്കാര്‍ സ്ഥിരീകരിച്ചു. ജി 20 അം​ഗമായ ക്യാന‍ഡ കടുത്ത എതിര്‍പ്പ് വ്യക്തമാക്കി പിന്മാറിയത്, ഉച്ചകോടി വന്‍നേട്ടമായി കൊണ്ടാടിയ ബിജെപിയുടെ മുഖത്തേറ്റ അടിയായി. ലോകം മുഴുവൻ തന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നും "വിശ്വ​ഗുരു' വായി വാഴ്‌ത്തുന്നുമെന്നുമുള്ള നരേന്ദ്ര മോദിയുടെ കാപട്യ മുഖംമൂടിയും അഴിഞ്ഞുവീണു. 10 വര്‍ഷമായി നടത്തിയ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തിയ കരാറാണ് ഇല്ലാതാകുന്നത്. ആയിരക്കണക്കിന് മലയാളികൾ ജോലിചെയ്യുന്ന ക്യാനഡയുമായുള്ള ബന്ധം വഷളാകുന്നത്‌ കേരളത്തെയും പ്രതികൂലമായി ബാധിക്കും.

ഖലിസ്ഥാൻ അടക്കമുള്ള ഇന്ത്യാവിരുദ്ധ ആശയക്കാരെ ക്യാനഡ തടയുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ തുടർച്ചയായി പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം ജി 20 നടക്കുന്നതിനിടെ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അനൗദ്യോഗിക ചർച്ചയിലും മോദി ഉയർത്തി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്ന്‌ വ്യക്തമാക്കിയ ട്രൂഡോ എന്നാൽ വിദ്വേഷശക്തികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും പറഞ്ഞിരുന്നു. ആഭ്യന്തരവിഷയങ്ങളിൽ ഇന്ത്യൻ ഇടപെടൽ അംഗീകരിക്കില്ലെന്ന്‌ ട്രൂഡോ വ്യക്തമാക്കിയതും ബന്ധം കൂടുതൽ വഷളാക്കി. മോദിയുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടത്താനോ സംയുക്ത പ്രസ്‌താവന ഇറക്കാനോ ട്രൂഡോ തയ്യാറായില്ല. 2020ൽ  കർഷകസമരത്തെ പിന്തുണച്ച്‌ ട്രൂഡോ  പ്രസ്‌താവന നടത്തിയതിനെ ബിജെപി സര്‍ക്കാര്‍ അപലപിച്ചിരുന്നു.

സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ത്യയിലേക്ക്‌ എത്തേണ്ടിയിരുന്ന കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജിയുടെ നേതൃത്വത്തിലുള്ള വ്യാപാര ദൗത്യസംഘത്തിന്റെ യാത്രയും റദ്ദാക്കി. ജപ്പാൻ, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ അടുത്തവർഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ മേരി എൻജിയുടെ വക്താവ്‌ ആലീസ് ഹാൻസെൻ വെളിപ്പെടുത്തി. ഇതോടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ഭാവി തുലാസിലായി. കരാറിനായി 10 വർഷത്തിനിടെ അര ഡസനോളം ഉന്നതതല ചര്‍ച്ചയാണ് ഇരുരാജ്യവും നടത്തിയത്. ക്യാനഡയുടെ 10–-ാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളികൂടിയാണ്‌ ഇന്ത്യ. ഉഭയകക്ഷി വ്യാപാരം 2021–--22ൽ ഏഴ്‌ ബില്യൺ ഡോളറിൽനിന്ന് 2022–--23ൽ 8.16 ബില്യൺ ഡോളറായി ഉയർന്നിരിക്കെയാണ്‌ കടുത്ത നടപടി. ‘ചില വിഷയങ്ങളിൽ’ രാഷ്‌ട്രീയ പരിഹാരം കണ്ടെത്തിയാൽ മാത്രമേ  ചർച്ച പുനരാരംഭിക്കൂവെന്ന്‌ കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top