09 December Saturday
വിദ്വേഷ പ്രചാരണത്തിനെതിരെ 
മുന്നറിയിപ്പുമായി ക്യാന‍ഡ

ഭീകരബന്ധമുള്ളവർക്ക്‌ ചാനലുകൾ ഇടം നൽകരുതെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


ന്യൂഡൽഹി
ക്യാനഡയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായതോടെ കൂടുതൽ നടപടിയുമായി കേന്ദ്രസർക്കാർ. സ്വകാര്യ ടിവി ചാനലുകൾ ഭീകരബന്ധമുള്ളവർക്കും അത്തരം സംഘടനകളുമായി ബന്ധപ്പെടുന്നവർക്കും ഇടം നൽകരുതെന്ന്‌ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം മാർഗനിർദേശമിറക്കി. ഇന്ത്യയിൽ  തീവ്രവാദക്കുറ്റമടക്കം ചുമത്തപ്പെട്ട നിരോധിത സംഘടനയുമായി ബന്ധമുള്ള വ്യക്തി വിദേശത്തുനിന്ന്‌ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെ തുടർന്നാണ്‌ നീക്കം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യവുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഹാനികരമായ നിരവധി അഭിപ്രായങ്ങൾ ഇദ്ദേഹം നടത്തിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാധ്യമ സ്വാതന്ത്ര്യവും ഭരണഘടന അവകാശങ്ങളും മാനിക്കുമ്പോൾത്തന്നെ ചാനലുകൾ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്നാണ്‌ മാർഗനിർദേശത്തിലുള്ളത്‌.

വിദ്വേഷ പ്രചാരണത്തിനെതിരെ 
മുന്നറിയിപ്പുമായി ക്യാന‍ഡ
രാജ്യത്തെ ഇന്ത്യൻ വംശജരായ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി ക്യാനഡ സർക്കാർ. ഹിന്ദുക്കൾ രാജ്യംവിടണമെന്ന രീതിയിലുള്ള പ്രചാരണം വിദ്വേഷത്തിലും വെറുപ്പിലും അധിഷ്ഠിതമാണെന്നും അത്തരം മനോഭാവത്തിന്‌ രാജ്യത്ത്‌ ഇടമില്ലെന്നും സർക്കാർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ചുമതലയാണെന്നും പബ്ലിക്‌ സേഫ്‌റ്റി ക്യാനഡ ഡിപാർട്‌മെന്റ്‌ സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം, അമേരിക്കയിലും  ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിരന്തര ഭീഷണി ലഭിക്കുന്നുണ്ട്. ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന്  അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ മിഷനുകൾ അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഖ്‌സ്‌ ഫോർ ജസ്റ്റിസ്‌ എന്ന സംഘടനയാണ്‌ ഭീഷണി മുഴക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top