19 March Tuesday

സൈനിക ഹെലികോപ്‌റ്റർ അപകടം: മരണം 13 ആയി; അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ വ്യോമസേന

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


കുനൂർ> സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ  അപകടത്തിൽപെട്ട  അപ്രതീക്ഷിത സംഭവത്തിൽ  വ്യോമസേന അന്വേഷണം തുടങ്ങി.

അപകടത്തിൽപെട്ട 14 പേരിൽ 11 പേരുടെ മൃതദേഹം കണ്ടെടുത്തു. ബിപിൻ റാവത്തിന്റെ  നില ഗുരുതരമായി തുടരുകയാണെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ വെല്ലിങ്ടൺ സൈനിക ആശുപത്രിയിലേക്ക്‌ മാറ്റി.  സൈന്യം അപകട സ്‌ഥലം സീൽ ചെയ്‌തു.

മോശം കാലാവസ്‌ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക വിവരം.  അപകടസമയത്ത്‌ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.രക്ഷപ്രവർത്തനം തുടരുകയാണ്‌. സുലൂർ വ്യേമകേന്ദ്രത്തിൽനിന്ന്‌  വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം . കുനൂരിലെ കട്ടേരി ഫാമിന്‌ സമീപമാണ്‌  കോപ്‌റ്റർ കത്തിയമർന്നത്‌. അപകടസമയത്ത്‌ വലിയശബ്‌ദം കേട്ടതായി പറയുന്നു.ഹെലികോപ്‌റ്റർ പൂർണമായും കത്തിനശിച്ചു .

  പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലിയിരുത്തുകയാണ് . ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്‌ഥരുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു.  തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ അപകട സ്‌ഥലത്തേക്ക്‌ തിരിച്ചു.

ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്‌.  ബിപിന്‍ റാവത്തിന്റെ  ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top